ക്രിസ്മസ് രാത്രിക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്.
പാതിരാത്രിയുടെ തണുപ്പിനും, നനഞ്ഞ മണ്ണിനും, ദൂരെയെങ്ങോ കത്തുന്ന കതിനകളുടെ പുകയും, പുൽക്കൂടുകളിൽ നിന്ന് ഒഴുകിവരുന്ന വൈക്കോലിന്റെ മണവും ചേർന്നൊരു ഗന്ധം.
ആ രാത്രി, ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഒരു ക്രിസ്മസ് കരോൾ കടന്നുപോയി.
മുന്നിൽ കുട്ടികളായിരുന്നു.
കൈയിൽ നക്ഷത്രവിളക്കുകളും കൊച്ചു പന്തങ്ങളും പിടിച്ച്, അവർ പാടിക്കൊണ്ട് വീടുതോറും കയറിയിറങ്ങി.
“ബെത്‌ലഹേമിലെ താഴ്‌വരയിൽ…
മഞ്ഞുപെയ്യുമീ പുൽക്കുടിലിൽ…
സ്നേഹഗായകൻ ആഗതനായ്…”
കുട്ടികളുടെ ശബ്ദത്തിൽ രാത്രിയുടെ നിശ്ശബ്ദത ഉരുകിപ്പോയി.
ചില വീടുകളുടെ വാതിലുകൾ തുറന്നു. ചില ജനാലകളിൽ നിന്ന് പുഞ്ചിരികൾ പുറത്തുവന്നു. കേക്കും മിഠായികളും പഴങ്ങളും കുട്ടികളുടെ കൈകളിലേക്ക് ഒഴുകിയെത്തി.
കരോളിന്റെ കൂട്ടത്തിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമിട്ടിരുന്ന തടിച്ച കുട്ടി ഓരോ പാട്ടിനും താളം പിടിച്ച് ചുവടുവെച്ചു.
അവരുടെ അവസാനത്തെ വീടുകളിലൊന്ന് ഒരു മുസ്ലീം കുടുംബത്തിന്റേതായിരുന്നു.
പൂമുഖത്ത് ഖുർആൻ വചനങ്ങൾ ചില്ലിട്ടു തൂക്കിയിരുന്നു. തട്ടമിട്ട പെൺകുട്ടികൾ ചിരിച്ചുകൊണ്ട് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി.
മതങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യരുടെ വീടുകളിൽ അന്ന് ഒരേ വെളിച്ചമായിരുന്നു.
അവിടത്തെ ചുമരിലെ ഘടികാരം പന്ത്രണ്ടര അടിച്ചു.
പാതിരാത്രി കഴിഞ്ഞിരുന്നു.
2
കരോൾ സംഘം പള്ളിയിലെത്തുമ്പോഴേക്കും പാതിരാക്കുർബാനയ്ക്ക് വന്നവരുടെ തിരക്ക് പള്ളിമുറ്റം നിറച്ചിരുന്നു.
കുട്ടികളെ കണ്ട കൊച്ചച്ചൻ പുഞ്ചിരിച്ചു.
“എല്ലാരും മേടയിലേക്ക് ചെല്ല്… അവിടെ ആബേലച്ചൻ കാത്തിരിക്കുന്നുണ്ട്.”
കുട്ടികൾ ഓടാൻ തുടങ്ങി.
കൂട്ടത്തിലെ വികൃതിപ്പയ്യൻ മാത്രം നിന്നു.
“കേക്കുണ്ടോ? എങ്കി വരാം.”
കൊച്ചച്ചൻ ചിരിച്ചു.
“കേക്കു മാത്രമല്ല… വൈനും ഉണ്ടേ.”
അത് കേൾക്കേണ്ട താമസം.
കുട്ടികൾ മുഴുവൻ പള്ളിമേടയിലേക്ക് ഓടി.
ആബേലച്ചൻ വൃദ്ധനായിരുന്നു.
കാലം മുടിയിൽ വെള്ളി വിതറിയിരുന്നു. ശബ്ദത്തിൽ നേരിയ വിറയലുണ്ടായിരുന്നു.
കുട്ടികൾ കേക്കും മുന്തിരിച്ചാറും കഴിച്ചുകൊണ്ടിരിക്കെ അദ്ദേഹം ചോദിച്ചു:
“യേശുക്രിസ്തുവിന്റെ ക്രൂശീകരണവേളയിൽ അവന്റെ വലത്തും ഇടത്തുമായി രണ്ട് കള്ളന്മാരുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ടോ?”
“ഉം… സൺഡേ സ്കൂളിൽ പഠിച്ചിട്ടുണ്ട്.”
ഒരു കുട്ടി പറഞ്ഞു.
“നല്ല കള്ളന്റെ കഥ.”
ആബേലച്ചൻ പുഞ്ചിരിച്ചു.
“അതെ. നല്ല കള്ളൻ. പക്ഷേ അയാളെ നല്ല കള്ളൻ എന്ന് വിളിക്കാൻ കാരണം അറിയാമോ?”
കുട്ടികൾ അദ്ദേഹത്തെ നോക്കി.
“അവസാന നിമിഷത്തിൽ അവൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞു. യേശുവിനോട് കരുണ ചോദിച്ചു. യേശു അവന് പറുദീസ വാഗ്ദാനം ചെയ്തു.”
അൽപ്പനേരം നിശ്ശബ്ദത.
“ആ കള്ളന്റെ പേര് എന്തായിരുന്നു?”
“ജിസ്മാത്ത് എന്നായിരുന്നു എന്ന് പറയപ്പെടുന്നു.”
“അന്ന് ഏത് ദിവസമായിരുന്നു?”
“വെള്ളിയാഴ്ച.”
ആബേലച്ചൻ തലകുലുക്കി.
“അതെ. ശാബത്തിന്റെ ഒരുക്കനാൾ.”
അദ്ദേഹം യേശുവിന്റെ വിചാരണയെയും കുരിശുമരണത്തെയും കുറിച്ച് പറഞ്ഞു. അധികാരത്തിന്റെയും ജനപിന്തുണയുടെയും ഭയത്തിന്റെയും കഥ.
അപ്പോൾ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമിട്ടിരുന്ന തടിച്ച കുട്ടി ചോദിച്ചു:
“യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റില്ലേ? അപ്പോൾ ആ നല്ല കള്ളനോ? അയാൾക്ക് എന്ത് സംഭവിച്ചു?”
ആബേലച്ചൻ ഒരു നിമിഷം നിശ്ശബ്ദനായി.
വൃദ്ധന്റെ കണ്ണുകളിൽ എന്തോ കടന്നുപോയി.
പിന്നെ അദ്ദേഹം ചിരിച്ചു.
“ആ നല്ല കള്ളനും ഉയിർത്തെഴുന്നേറ്റിട്ടുണ്ടാകണം.”
കുട്ടികൾ ചിരിച്ചു.
പക്ഷേ ആബേലച്ചന്റെ ശബ്ദം പതുക്കെ ഗൗരവമായി.
“ഒരു നേരത്തെ ഭക്ഷണത്തിനായി അരി മോഷ്ടിച്ച മധുവിനെക്കുറിച്ച് കേട്ടിട്ടില്ലേ? അവനെ മനുഷ്യർ തച്ചുകൊന്നു. മധുവിനെപ്പോലെ ഒരുപാട് നല്ല കള്ളന്മാർ നമുക്കിടയിൽ തന്നെയുണ്ട്.”
പുറത്ത് പള്ളി മണി മുഴങ്ങി.
ആ ശബ്ദം രാത്രിയിലേക്ക് ദൂരെയായി പടർന്നു.
3
അതേ സമയം, ഗ്രാമത്തിന്റെ മറ്റൊരു അറ്റത്ത്, ക്രിസ്മസ് നക്ഷത്രങ്ങൾക്കിടയിലൂടെ ഒരു സൈക്കിൾ പതുക്കെ നീങ്ങുകയായിരുന്നു.
നിലാവിന്റെ വെളിച്ചത്തിൽ സൈക്കിൾ ഓടിച്ചിരുന്ന മനുഷ്യനെ കണ്ടാൽ ദൂരത്തുനിന്ന് യേശുവിനെ ഓർമ്മ വരും.
അസാധാരണമായ ഉയരം.
നീണ്ട താടി.
കറുത്ത മുണ്ട്.
വെള്ള ജൂബ.
കഴുത്തിൽ ഒരു തോർത്ത്.
അവൻ പാടുകയായിരുന്നു.
“ഗലീലിയായിലെ കടൽക്കരയിൽ…
പണ്ടൊരുനാളിൽ യേശു വന്നണഞ്ഞു…”
പാട്ടിനൊപ്പം അവന്റെ കണ്ണുകൾ ചുറ്റുപാടുകളിലും സഞ്ചരിച്ചു.
ഏത് വീട്ടിലാണ് വെളിച്ചമുള്ളത്?
ഏത് വീട്ടിലാണ് ഇരുട്ട്?
ഏത് ജനാല അടഞ്ഞുകിടക്കുന്നു?
ഏത് വാതിലിന് പൂട്ടുണ്ട്?
അവന്റെ പാട്ടിന് പിന്നിൽ മറ്റൊരു കഥയുണ്ടായിരുന്നു.
അവൻ മോഷ്ടാവായിരുന്നു.
പെട്ടെന്ന് ഒരു പൂച്ച റോഡ് മുറിച്ചുകടന്നു.
സൈക്കിൾ അതിനെ ഇടിച്ചു.
“മ്യാവൂ…!”
അവൻ ഉടൻ സൈക്കിൾ നിർത്തി.
പൂച്ചയെ കയ്യിലെടുത്തു.
“അല്ലയോ പൂച്ചേ… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?”
പൂച്ച അവനെ നോക്കി.
“ഞാനാണ് സൂക്ഷിക്കേണ്ടിയിരുന്നത്. ഈ ക്രിസ്മസ് രാത്രിയിൽ മോഷണത്തിനിറങ്ങിയ എന്നെ പറഞ്ഞാൽ മതി. അർധരാത്രിയിലും ആളുകളെല്ലാം ഉണർന്നിരിക്കുവല്ലേ…”
പൂച്ച അവന്റെ കൈയിൽ തല ചായ്ച്ചു.
അവൻ അതിനെ പതുക്കെ താഴെയിറക്കി.
പിന്നെ വീണ്ടും സൈക്കിളിൽ കയറി.
കുറച്ചുദൂരം പോയപ്പോൾ അവൻ കണ്ടു—
ഒരു വീട്.
മറ്റു വീടുകളെല്ലാം ക്രിസ്മസ് നക്ഷത്രങ്ങളാൽ പ്രകാശിച്ചപ്പോൾ ആ വീട് മാത്രം ഇരുട്ടിൽ മുങ്ങിയിരുന്നു.
ഗേറ്റിൽ ഒരു പേര്.
കുരിശിങ്കൽ വറീത്.
അവൻ പെട്ടെന്ന് നിന്നു.
ജൂബയ്ക്കുള്ളിൽ നിന്ന് ഒരു കൊന്ത പുറത്തെടുത്തു.
വിരലുകൾ അതിലെ മണികളിലൂടെ സാവധാനം സഞ്ചരിച്ചു.
അവൻ കണ്ണുകളടച്ചു.
പിന്നെ സൈക്കിൾ ഇരുട്ടിൽ ഒളിപ്പിച്ചു.
ഗേറ്റ് ചാടിക്കടന്നു.
4
വീടിന്റെ മുറ്റത്ത് കാൽവെച്ചപ്പോൾ തന്നെ അവൻ മനസ്സിലാക്കി.
ഈ വീട്ടിൽ ആരുമില്ല.
മുറ്റം അടിച്ചിട്ട് ആഴ്ചകളായതുപോലെ.
ജനാലകളിൽ പൊടി.
വാതിലുകളിൽ നിശ്ശബ്ദത.
അവൻ പല വാതിലുകളും പരിശോധിച്ചു.
ഒന്നും തുറന്നില്ല.
അവസാനം വിറകുപുരയിൽ നിന്ന് ഒരു ഏണി എടുത്ത് അടുക്കളവാതിലിനരികിൽ ചാരി.
ഓടു പൊളിച്ച് അകത്തേക്കിറങ്ങി.
നേരെ ചെന്നുവീണത് ഡൈനിങ് ടേബിളിന്മേൽ.
അവൻ എഴുന്നേറ്റു.
വീട് ഒരു പ്രേതാലയം പോലെ.
ചുവരുകളിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകൾ.
പൊടിപിടിച്ച കസേരകൾ.
മൂടിക്കിടക്കുന്ന ജനാലകൾ.
കാലം മറന്നുപോയ ഒരു വീട്ടിന്റെ ശ്വാസം.
അവൻ ഒരു അലമാര തുറക്കാൻ ശ്രമിച്ചു.
പരാജയപ്പെട്ടു.
പിന്നെ സ്വീകരണമുറിയിലേക്ക് നടന്നു.
അവിടെ കർത്താവിന്റെ വലിയൊരു ചിത്രം.
അതിനു മുന്നിലെ മെഴുകുതിരി അണഞ്ഞുകിടക്കുന്നു.
അവൻ പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തു.
ഒരു കൊള്ളി ഉരച്ചു.
ചെറിയൊരു തീപ്പൊരി.
മെഴുകുതിരിയിൽ തീ പടർന്നു.
ആ ചെറിയ വെളിച്ചത്തിൽ കർത്താവിന്റെ മുഖം തെളിഞ്ഞു.
മോഷ്ടാവ് കൈകൾ കൂട്ടി.
ഒരു നിമിഷം പ്രാർത്ഥിച്ചു.
അപ്പോഴാണ് അവന്റെ കണ്ണിൽ ഷോകേസിൽ വെച്ചിരുന്ന ഫോട്ടോകൾ പതിഞ്ഞത്.
ഒരു വൃദ്ധനും വൃദ്ധയും.
യൗവനകാലത്തെ അവർ.
അവരുടെ വിവാഹം.
നാലു മക്കൾ.
കുട്ടിക്കാലം.
സ്കൂൾ യൂണിഫോം.
ആദ്യ കുർബാന.
വിവാഹങ്ങൾ.
മരുമക്കൾ.
പിന്നെ പേരക്കുട്ടികൾ.
ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതവും ആ ചില്ലിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
അവൻ ഏറെ നേരം ആ ചിത്രങ്ങളിലേക്ക് നോക്കി നിന്നു.
പെട്ടെന്ന് കട്ടിലിനടിയിൽ ഒരു പഴയ ട്രങ്ക് കണ്ടു.
അവൻ അത് വലിച്ചെടുത്തു.
തുറന്നു.
അതിനുള്ളിൽ പണം ഉണ്ടായിരുന്നില്ല.
സ്വർണം ഉണ്ടായിരുന്നില്ല.
പഴയ ഡയറികളായിരുന്നു.
1978…
1985…
1999…
2008…
അവൻ 2008-ലെ ഡയറി എടുത്തു.
ആദ്യത്തെ പേജ് തുറന്നു.
അക്ഷരങ്ങൾ മങ്ങിപ്പോയിരുന്നു.
പക്ഷേ അവയ്ക്കിടയിൽ ഒരാളുടെ ശബ്ദം ഉയർന്നു.
കുരിശിങ്കൽ വറീതിന്റെ ശബ്ദം.
“ഏലിയാമ്മോ…
നിനക്കോർമ്മയുണ്ടോ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം?
എത്ര പെട്ടെന്നാ വെള്ളം പൊങ്ങി നമ്മുടെ ഭരണങ്ങാനത്തെ വീട്ടിൽ കയറിയത്.
മീനച്ചിലാറിനെ അതിന് മുമ്പ് ഇത്ര രൗദ്രമായി കണ്ടിട്ടില്ല.
അന്ന് കുഞ്ഞുമോളെ നീ വയറ്റിലാ.
നിറവയറുമായി നിന്നെയും ജോണിക്കുട്ടിയെയും ജോയിക്കുട്ടിയെയും സ്ലീവാച്ചനെയും കൊണ്ട് ചങ്ങാടത്തിൽ ഏഴരവെളുപ്പിന് അക്കരെ കടന്നു.
ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു…”
മോഷ്ടാവ് വായന നിർത്തിയില്ല.
ഫോട്ടോകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ സഞ്ചരിച്ചു.
ഡയറിയിലെ ഓരോ വാക്കിനും ഒപ്പം ഒരു ചിത്രം.
ഒരു കുഞ്ഞ്.
ഒരു അമ്മ.
ഒരു അച്ഛൻ.
ഒരു വീട്.
ഒരു കാലം.
വറീതിന്റെ ശബ്ദം വീണ്ടും.
“നാല് മക്കളെയും അവരവരുടെ ഇഷ്ടത്തിന് തന്നെ പഠിപ്പിച്ചു.
ആൺമക്കൾ മൂന്നാളും കടൽ കടന്നുപോയി.
കുഞ്ഞുമോളാണെങ്കിൽ കെട്ടിയോന്റെ കൂടെ അങ്ങ് ഡൽഹിയിലും.
അവരെ ആരെയും കുറ്റം പറയാൻ പറ്റില്ല.
അപ്പനും അമ്മയ്ക്കും കൂടി മാറ്റിവയ്ക്കാൻ അവർക്കെവിടെ സമയം…”
മോഷ്ടാവ് ഒരു വിവാഹഫോട്ടോയിൽ വിരൽവെച്ചു.
പിന്നെ മറ്റൊന്നിൽ.
ഡയറിയുടെ താളുകൾ മാറി.
ശബ്ദം കൂടുതൽ വേദനയോടെ.
“ഏലിയാമ്മോ…
നീ എന്നെ വിട്ടുപോയതിന് ശേഷം എന്റെ ജീവിതം നരകമാ… നരകം.
സമയത്തിന് ഗുളിക എടുത്തുതരാൻ പോലും ആരുമില്ലാത്ത അവസ്ഥ.
അതിന്റെ കൂടെ ഈ നശിച്ച മറവിരോഗവും.
പിന്നെ സ്ലീവാച്ചൻ ഒരു ഹോം നഴ്സിനെ കൊണ്ടുവന്നു.
കുറെ നാൾ അവളുടെ ഭരണമായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്കുള്ള സ്വത്ത് ഭാഗംവെക്കണം എന്നത് നിന്റെ നിർബന്ധമായിരുന്നല്ലോ.
എന്നിട്ട് നീ കാണുന്നില്ലേ…
സ്വത്ത് കിട്ടിയ മക്കളുടെ ചെയ്തികൾ.
ഞാൻ മരിച്ചാൽ ഉടൻ ഈ വീടും സ്ഥലവും വിൽക്കാൻ അച്ചാരം വാങ്ങിച്ചിരിക്കുവാ കുഞ്ഞുമോൾ.
മക്കളൊക്കെ ഒരുപാട് മാറിപ്പോയി.
കാലം അവരെ മാറ്റി എന്ന് പറയുന്നതായിരിക്കും ശരി.”
പുറത്ത് എവിടെയോ ഒരു കതിന പൊട്ടി.
വീട് വീണ്ടും നിശ്ശബ്ദമായി.
അവൻ അടുത്ത പേജ് മറിച്ചു.
വറീതിന്റെ ശബ്ദം ഇപ്പോൾ വിറച്ചിരുന്നു.
“ഏലിയാമ്മോ…
നിന്നെ കുഴീലോട്ട് വെച്ച് ഒപ്പീസും ചൊല്ലി പിരിഞ്ഞതാ നമ്മുടെ നാല് മക്കളും.
പിന്നെ വല്ലപ്പോഴും ഒന്നു ഫോൺ വിളിച്ചാലായി.
ഇവിടത്തെ പകൽ അവിടെ രാത്രിയാണല്ലോ.
നിന്റെ കഴിഞ്ഞ ഓർമ്മദിവസം കുടുംബക്കല്ലറയിൽ ഒരു മെഴുകുതിരി കത്തിക്കാൻ പോലും ആരും വന്നില്ല എന്നോർക്കുമ്പോഴാ വിഷമം.
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണല്ലോ പഴമക്കാര് പറയണത്.
നിനക്കാരുന്നല്ലോ വടക്കേപറമ്പ് കുഞ്ഞുമോൾക്ക് കൊടുക്കാഞ്ഞിട്ട് ദെണ്ണം.
ഉള്ളതിൽ ഏറ്റവും അടുത്ത് ഇന്ത്യയ്ക്കകത്ത് ഉള്ളത് അവളാ.
എന്നിട്ടും…
ഏലിയാമ്മോ…”
ശബ്ദം അവിടെ മുറിഞ്ഞു.
മോഷ്ടാവ് താൾക്കു മുകളിൽ കുനിഞ്ഞിരുന്നു.
അവന്റെ കണ്ണിൽനിന്ന് ഒരു തുള്ളി വെള്ളം വീണു.
അത് മഷിയിലേക്ക് പടർന്നു.
അക്ഷരങ്ങൾ അലിഞ്ഞുപോയി.
വറീതിന്റെ കണ്ണുനീരും മോഷ്ടാവിന്റെ കണ്ണുനീരും ഒരേ മഷിയായി കടലാസിൽ പടർന്നു.
5
പ്രഭാതത്തിനു മുമ്പ് പോകേണ്ടിയിരുന്ന മോഷ്ടാവ് പോയില്ല.
അവൻ ട്രങ്കിനരികിൽ ഏറെ നേരം ഇരുന്നു.
ആ രാത്രിയിൽ ആദ്യമായി അവന് മോഷ്ടിക്കാൻ വന്ന വീട്ടിൽ നിന്ന് ഒന്നും മോഷ്ടിക്കേണ്ടതില്ലെന്ന് തോന്നി.
വീട് ശൂന്യമായിരുന്നു.
പക്ഷേ അതിനുള്ളിൽ ഒരാളുടെ ഏകാന്തത നിറഞ്ഞുനിന്നിരുന്നു.
അവൻ പുറത്തേക്കിറങ്ങി.
കിഴക്കൻ ആകാശം പതുക്കെ വെളുത്തുതുടങ്ങി.
സൈക്കിൾ എടുത്തില്ല.
അവൻ നടന്നു.
6
ക്രിസ്മസ് പിറ്റേന്ന് ചെറിയൊരു മഴയുണ്ടായിരുന്നു.
പള്ളിയുടെ സെമിത്തേരിയിൽ മഴത്തുള്ളികൾ കല്ലറകളിൽ വീണുകൊണ്ടിരുന്നു.
ഒരു കുടുംബക്കല്ലറയ്ക്കു മുന്നിൽ ഒരാൾ കുടപിടിച്ച് കുനിഞ്ഞിരുന്നു.
കല്ലറയിലെ പേരുകൾ വ്യക്തമായിരുന്നു.
കുരിശിങ്കൽ വറീത്.
ഏലിയാമ്മ.
കല്ലറയ്ക്കുമുന്നിൽ ഒരു പൂച്ചെണ്ട്.
ഒരു മെഴുകുതിരി.
മോഷ്ടാവ് കൈകൾ കൂപ്പി നിശ്ശബ്ദമായി നിന്നു.
അവന്റെ മുഖത്ത് രാത്രിയിലെ കള്ളന്റെ ചാപല്യമില്ലായിരുന്നു.
ഒരു മകന്റെ മുഖമായിരുന്നു അത്.
ഒരുപക്ഷേ, ഏറെക്കാലത്തിനു ശേഷം അച്ഛന്റെ കല്ലറയിൽ എത്തിയ ഒരു മകന്റെ മുഖം.
അകലെ നിന്ന് കപ്യാർ തോമാ അവനെ കണ്ടു.
“ശെമ്മാശ്ശാ…”
അവൻ കൊച്ചച്ചനെ വിളിച്ചു.
“കുരിശിങ്കലെ പിള്ളേരാരോ വന്നിട്ടുണ്ടല്ലോ.”
കൊച്ചച്ചൻ തിരിഞ്ഞുനോക്കി.
കല്ലറയ്ക്കരികിൽ നിൽക്കുന്ന ആ അപരിചിതനെ നോക്കി.
ഒന്നും ചോദിച്ചില്ല.
ഒന്നും പറഞ്ഞില്ല.
7
പള്ളിമേടയിൽ ആബേലച്ചൻ ക്രിസ്മസ് ദിനത്തിലെ സുവിശേഷം വായിക്കുകയായിരുന്നു.
“അനന്തരം വലതുവശത്തെ കള്ളൻ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു:
‘നീ ക്രിസ്തുവല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക…’”
പള്ളി മണികൾ മുഴങ്ങി.
മഴ പതുക്കെ പെയ്തുകൊണ്ടിരുന്നു.
സെമിത്തേരിയിലെ കല്ലറയ്ക്കുമുന്നിൽ മെഴുകുതിരി കത്തിക്കൊണ്ടിരുന്നു.
അതിന്റെ ചെറുവെളിച്ചത്തിൽ മോഷ്ടാവ് തലകുനിച്ചു നിന്നു.
ആ നിമിഷം അവൻ ഓർത്തത് യേശുവിന്റെ വലതുവശത്തെ കള്ളനെയായിരുന്നോ?
അല്ലെങ്കിൽ കുരിശിങ്കൽ വറീതിനെയോ?
അറിയില്ല.
പക്ഷേ ആ രാത്രിയിൽ അവൻ മോഷ്ടിച്ചത് ഒരു മനുഷ്യന്റെ മറന്നുപോയ ഏകാന്തതയായിരുന്നു.
പകരം അവിടെ വച്ചുപോയത്—
ഒരു പൂച്ചെണ്ട്.
ഒരു മെഴുകുതിരി.
ഒരാളുടെ കണ്ണുനീർ.
ഒരുപക്ഷേ…
ഒരു മോചനം.
പള്ളി മണികൾ വീണ്ടും മുഴങ്ങി.
ദൂരെയെങ്ങോ ഒരു കുട്ടി പാടുന്ന ശബ്ദം കേട്ടു.
“ഗലീലിയായിലെ കടൽക്കരയിൽ…
പണ്ടൊരുനാളിൽ യേശു വന്നണഞ്ഞു…”
മഴയിൽ ആ ശബ്ദം പതുക്കെ അലിഞ്ഞുപോയി.
കല്ലറയ്ക്കുമുന്നിലെ മെഴുകുതിരി മാത്രം അണഞ്ഞില്ല.
( സമാപ്തം Short Story By Girish Namasivvaayam )

