17) AN INSTRUCTION TO PARENTS

ഞാന്‍ പോസ്റ്റുകളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനായി പേരന്റിങിനെ പറ്റി എന്തോ പറയാന്‍ പോകുന്നു എന്ന് എന്റെ പ്രിയ വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നത് പ്രതിപാദിക്കുന്ന അസംഖ്യം ബുക്കുകളും വീഡിയോകളും സുലഭമാണ് . പിന്നെ എന്റെ ഈ പോസ്റ്റിന് എന്താണ് പ്രസക്തി എന്ന് നിങ്ങള്‍ ചിന്തിക്കും.നമുക്ക് കാര്യത്തിലേക്ക് വരാം.

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരാന്‍ നില്‍ക്കുന്നതും ഡിഗ്രി ഒന്നും രണ്ടും വര്‍ഷങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള എന്റെ നിര്‍ദ്ദേശമാണ് ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക ഉപദേശമല്ല, മറിച്ച് വെറും നിര്‍ദേശം മാത്രം. പാലിക്കണം എന്ന് നിര്‍ബന്ധമില്ല എന്നര്‍ത്ഥം.

ഏതാണ്ട് പ്ലസ് ടു കഴിയുമ്പോള്‍ തന്നെ കുട്ടിയുടെ അഭിരുചി ഏത് മേഖലയിലാണ് എന്നത് കണ്ടെത്താന്‍ കഴിയും. അവനെ അതിനനുസരിച്ച് ഗൈഡ് ചെയ്യുക എന്ന ജോലി മാത്രമേ രക്ഷിതാവിന് ഉള്ളൂ. ഒരു കുട്ടി കുറച്ച് മാര്‍ക്കേ വാങ്ങിയുള്ളൂ എന്നതിന്റെ അര്‍ത്ഥം അവന്‍ കഴിവ് കെട്ടവന്‍ ആണ് എന്നല്ല. വേറെ ഏതോ മേഖലകളില്‍ മറഞ്ഞിരിക്കുന്ന അവന്റെ കഴിവിനെ പുറത്തെടുക്കുക എന്നതാണ് ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തം. ഇവിടെ നിങ്ങളെ സഹായിക്കാന്‍ ധാരാളം കരിയര്‍ ഗൈഡന്‍സ് സ്ഥാപനങ്ങള്‍ ഉണ്ട്

തിരുവനന്തപുരത്ത് എനിക്ക് നേരിട്ട് അറിയാവുന്ന ഒരു വിദ്യാര്‍ത്ഥിയെ ഉദാഹരണമായി എടുത്ത് കൊണ്ട് ഞാന്‍ ഈ കാര്യം വിശദീകരിക്കാം. തല്‍ക്കാലം നമുക്ക് അവന് അപ്പുക്കുട്ടന്‍ എന്ന് പേര് നല്‍കാം. അപ്പു പഠിക്കാന്‍ അത്ര സമര്‍ത്ഥനൊന്നുമല്ല എന്ന് മാത്രമല്ല നല്ല ഉഴപ്പനുമാണ്. ജീവിതത്തെ ഇപ്പോഴും അപ്പു ഗൗരവമായി കണ്ട് തുടങ്ങിയിട്ടില്ല. ഡിഗ്രി മൂന്നാം വര്‍ഷമാണ് പഠിക്കുന്നത്. സ്വാശ്രയകോളേജില്‍ പോയി റെഗുലര്‍ സ്റ്റഡി ആണ്. ഫസ്റ്റ് ഇയറില്‍ തന്നെ അഞ്ച് സപ്ലി ഉണ്ട്. ആകെ ആറ് വിഷയമേ ഉള്ളൂ എന്നോര്‍ക്കണം. അതില്‍ അഞ്ചും സ്വാഹ. രണ്ടാം വര്‍ഷം റിസല്‍റ്റ് വന്നിട്ടില്ല. അതിനെ പറ്റിയും അവനോട് ചോദിച്ചാല്‍ സപ്ലി ഉറപ്പാണ് എന്ന് പറയും. എന്നിട്ടും എന്തിന് കോളേജില്‍ പോയി സമയം പാഴാക്കുന്നു എന്ന് ചോദിച്ചാല്‍ ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി എങ്കിലും വേണ്ടേ ചേട്ടാ . അതുകൊണ്ട് എത്ര സപ്ലി ഉണ്ടെങ്കിലും എത്ര വര്‍ഷം എടുത്താലും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വേണം. ഒരു വിവാഹം ഒക്കെ ആലോചിക്കുമ്പോള്‍ ഡിഗ്രി ഇല്ലെങ്കില്‍ അത് കുറച്ചിലാണ്

ഇനി അടുത്ത വിശേഷം കൂടി കേള്‍ക്കുക. ഇന്ത്യയുടെ രാഷ്ട്രപതി ആരാണ് എന്ന് പോലും അറിയാത്ത അപ്പു ദിവസം രണ്ട് മണിക്കൂര്‍ വീതം പി എസ് സി കോച്ചിങിന് വേണ്ടി മാറ്റി വെക്കുന്നു. ഞാന്‍ പി എസ് സിക്ക് പഠിക്കുന്നവരെ ഡീ മോട്ടിവേറ്റ് ചെയ്യിക്കുകയാണ് എന്ന് കരുതരുത് ഇപ്പോള്‍ പഠിച്ചിറങ്ങുന്ന ഫുള്‍ എ പ്ലസ് കിട്ടി പഠിച്ച് വന്ന പതിനെട്ട് തികഞ്ഞ് വന്ന ഉദ്യോഗാര്‍ത്ഥിയോട് മത്സരിച്ച് ജോലി കിട്ടണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ ഒരു ജീനിയസ് ആയിരിക്കണം അല്ലെങ്കില്‍ നമുക്ക് സംവരണത്തിന്റെ ആനുകൂല്യം ഉണ്ടായിരിക്കണം. അപ്പുവിന് ഇത് രണ്ടുമില്ല. ഓട്ടക്കലത്തില്‍ വെള്ളം കോരുന്ന പ്രവൃത്തിയാണ് അപ്പു ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി അവനെ നേര്‍വഴിക്ക് നയിക്കാന്‍ അവന്റെ മാതാപിതാക്കളും തയ്യാറല്ല.

ഏക മകന്‍ അവന് ഇഷ്ടമുള്ള വഴി കണ്ടെത്തി മുന്നേറട്ടെ എന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചാല്‍ അവന്റെ ഭാവി തന്നെ മാറും. അപ്പു നല്ല സുന്ദരനാണ് നല്ല ഉയരവും ഉണ്ട്. മോഡലിങ് രംഗത്ത് ശോഭിക്കാന്‍ സാധ്യത ഉണ്ട്. അവന്‍ ആ താല്‍പര്യം എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ചിലവില്‍ ക്വാളിറ്റി മോഡലിങ് ലഭിക്കുന്ന ചില സ്ഥലങ്ങളുമായി ഞാന്‍ ബന്ധപ്പെടുത്തി കൊടുത്തിട്ടുണ്ട്. മോഡലിങില്‍ ശോഭിച്ചാല്‍ മിനിസ്‌ക്രീന്‍ രംഗത്തും അപ്പുവിന് ഒരു കൈ നോക്കാം. ഇനി അത് ഭാഗ്യം കൂടി വേണ്ട മേഖലയാണ് എന്ന് കരുതിയാല്‍ വീഡിയോ എഡിറ്റിങിലും ഫോട്ടോഗ്രാഫിയിലും അപ്പുവിന് നല്ല താല്‍പര്യം ഉണ്ട്. ഞാന്‍ പറയുന്നത് ഡിഗ്രിയും നിര്‍ത്തി പി എസ് സി ക്കുവേണ്ടി സമയം പാഴാക്കുന്നതും നിര്‍ത്തി അപ്പു പൂര്‍ണ്ണമായും ഈ രണ്ട് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. ഇന്നത്തെ കാലത്ത് ഡിഗ്രി നല്ല മാര്‍ക്കില്‍ പാസായവര്‍ പോലും ജോലിയില്ലാതെ തെക്ക് വടക്ക് നടക്കുന്നു. അപ്പോഴാണ് ഇവിടെ അഞ്ച് സപ്ലി !

എന്റെ മെന്ററായ ഡോ മാര്‍ട്ടിന്‍ പയ്യപ്പിള്ളി സാര്‍ എപ്പോഴും പറയും. കോണ്‍സണ്ട്രേറ്റ് ഇന്‍ എ സ്മാള്‍ ഏരിയ. അതായത് തീരെ ചെറിയ ഒരു ഏരിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആ ചെറിയ ഏരിയ നമ്മുടെ ശക്തി കേന്ദ്രങ്ങള്‍ കൂടി ആയാലോ.പുതിയ കാര്യങ്ങള്‍ പഠിക്കേണ്ട എന്നല്ല മാര്‍ട്ടിന്‍ സാര്‍ പറഞ്ഞതിന്റെ പൊരുള്‍.. കൂടുതല്‍ മെച്ചപ്പെട്ട റിസല്‍റ്റിന് സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.

സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2020 ജനുവരി 10)

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts