( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് )
2018 ആഗസ്റ്റ് മാസം മൂന്നാം തീയതി ഞാനും സുഹൃത്തായ അംജിത്തും ഒത്ത് ആര്‍ട്ട് ഓഫ് ലിവിങ് ബാംഗ്ലൂര്‍ ആശ്രമം സന്ദര്‍ശിച്ചു. ട്രെയിനില്‍ ബാംഗ്ലൂര്‍ വന്ന ഞങ്ങള്‍ മജസ്റ്റികില്‍ നിന്നും ബന്‍സങ്കിരി വരെ മെട്രോ റെയിലിലും തുടര്‍ന്ന് ഓട്ടോയിലും യാത്ര ചെയ്ത് ഉദയപുരയിലുള്ള ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ആശ്രമത്തിലെ അന്തരീക്ഷം എനിക്ക് പരിചിതമായിരുന്ന അധ്യാത്മകത അല്ല പ്രസരിപ്പിച്ചിരുന്നത്. അവിടെയുള്ള ആളുകള്‍ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒരാഘോഷത്തിന്റെ ഭാവം അവിടെമാകെ പ്രസരിച്ചു. കുന്നുകളും പച്ചപ്പും തൊടിയുടെ മറുഭാഗത്തെ തടാകവും എല്ലാം മനോഹരമായിരുന്നു. ഒരു നാട്ടിന്‍പുറത്ത് എത്തിയ പ്രതീതി ജനിപ്പിച്ചു. ശിശിരസായാഹ്നത്തിലെ
നിശബ്ദതയില്‍ പക്ഷികളുടെയും പ്രാണികളുടെയും ചിലപ്പ് മായികമായ ഒരന്തരീക്ഷം അവിടെ സൃഷ്ടിച്ചു.
ആശ്രമത്തില്‍ സന്ദര്‍ശനം എന്ന കാറ്റഗറിയിലാണ് ഞങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. അതിന് റൂമിനും മറ്റും പേ ചെയ്യേണ്ടി വന്നു. എന്നാല്‍ ദീര്‍ഘനാള്‍ തങ്ങുന്നുണ്ടെങ്കില്‍ സേവ എന്ന കാറ്റഗറിയില്‍ പെടുത്തി എല്ലാം ഫ്രീ ആണ്. പകരം ഓരോരുത്തരും രണ്ട് മണിക്കൂര്‍ സേവ ചെയ്യണം. കറിക്കുള്ള പച്ചക്കറി നുറുക്കല്‍, പരിഭാഷ, ലേഖനങ്ങള്‍ പകര്‍ത്തി എഴുതല്‍, തറ വൃത്തിയാക്കല്‍ അങ്ങനെ പലതും. അദ്ധ്യാത്മകതയും മതബോധവും നിലവിലുള്ള സ്ഥലങ്ങളില്‍ നിശബ്ദതയും ഗൗരവവും അനിവാര്യമാണെന്ന എന്റെ ധാരണയ്ക്ക് വിരുദ്ധമായി അവിടെ ജോലിയിലേര്‍പ്പെട്ട ആളുകള്‍ ചിരിക്കുകയും ആഹ്ലാദിച്ച് തിമിര്‍ക്കുകയും ആയിരുന്നു. ഒരു തരം ആഹ്ലാദ ബോധം ഞങ്ങളുടെ ഉള്ളിലും പടര്‍ന്ന് കയറി.
അവിടെയുള്ളവരുടെ എളിമയോടുകൂടിയ അര്‍പ്പണമനോഭാവമാണ് എന്നെ ഏറ്റവും സ്വാധീനിച്ചത്.മനസ്സിന്റെ തലങ്ങളില്‍ സ്പര്‍ശിക്കുന്ന ധ്യാനമുറകളും ക്രിയകളും ആശ്രമത്തില്‍ പരിശീലിപ്പിക്കുന്നു, ബേസിക് കോഴ്‌സ് ചെയ്തവര്‍ക്ക് വേണ്ടിയുള്ള അഡ്വാന്‍സ് കോഴ്‌സുകളും അവിടെ നടക്കുന്നുണ്ടായിരുന്നു. ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന അവാച്യമായ അനുഭൂതിയാണ് ഈ കോഴ്‌സ് പകര്‍ന്ന് നല്‍കുന്നത്. ശാരീരികമായും മാനസികമായും യഥാര്‍ത്ഥ വിശ്രാന്തിയിലേക്കും ചൈതന്യത്തിലേക്കും എത്തിച്ചേരുന്നു. മനുഷ്യമനസ്സില്‍ നിന്നും നിഷേധവികാരങ്ങളെ പാടേ മാറ്റി ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നു. ഇത് നാലോ അഞ്ചോ ദിവസം താമസിച്ച് ചെയ്യേണ്ട കോഴ്‌സാണ്.
അഡ്വാന്‍സ് കോഴ്‌സിന്റെ ഭാഗമാണ് മൗനവ്രതം. ശ്രീ ശ്രീയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ യുഗങ്ങള്‍ക്കപ്പുറം വിവിധ പരമ്പരകള്‍ക്കും സംസ്‌കാരത്തിനും ഇടയില്‍ ആത്മദര്‍ശനത്തിനുള്ള ഒരു സംവിധാനമാണ് മൗനവ്രതം.. കുറച്ച് ദിവസത്തേക്കായാല്‍ പോലും മൗനവ്രതമാചരിക്കുമ്പോള്‍ തന്നെ നമ്മുടെ ജീവിത സംവിധാനത്തില്‍ അതിന്റെ പ്രഭാവം ഉണ്ടാകുന്നു. ഊര്‍ജ്ജസ്വലതയും ആവേശവും
ഉയര്‍ത്തുന്നതിനോടൊപ്പം അത് ശരീരത്തിനും മനസിനും വളരെ വിശ്രമം പ്രദാനം ചെയ്യുന്നു.
ആശ്രമത്തിലെ പരിശീലനപരിപാടിയുടെ മറ്റൊരു ഘടകമായിരുന്നു ധ്യാനം. ഞാന്‍ നേരത്തേ തന്നെ ധ്യാനം പരിശീലിച്ചിരുന്നു. ശ്രീ ശ്രീ തന്നെ വിഭാവനം ചെയ്ത സഹജ് സമാധി മെഡിറ്റേഷന്‍ എന്ന കോഴ്‌സിലൂടെ എനിക്ക് ധ്യാനത്തിനുള്ള മന്ത്ര ദീക്ഷ ലഭിച്ചതാണ്. ഇവിടെ ലഭിച്ച പരിശീലനം അതിനും മുകളിലാണ്. ധ്യാനമെന്നാല്‍ ഏകാഗ്രതയല്ല. ഏകാഗ്രതയുടെ വിഘടനമാണ് എന്ന ശ്രീ ശ്രീയുടെ വാക്കുകള്‍ എന്നെ ഒന്നു കൂടി ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിച്ചു.
ആശ്രമത്തില്‍ എല്ലാ വൈകുന്നേരങ്ങളിലും പതിവുള്ള സത്സംഗില്‍ ഞാന്‍ പങ്കെടുത്തു. ഈശ്വരന്റെ വിവിധ അവതാരങ്ങളെക്കുറിച്ചുള്ള ഭക്തിഗാനസുധ കൊണ്ട് നിര്‍ഭരമായ ഒരു സമ്മേളനമാണ് സത്സംഗ്. സത്സംഗിന്റെ സമയത്ത് എല്ലാ ഹൃദയങ്ങളും ഒരു കൂട്ടായ്മയിലേക്ക് നിക്ഷേപിക്കപ്പെടുന്നു. സത്സംഗിന്റെ ഒടുവില്‍ എല്ലാവരും ചേര്‍ന്നുള്ള മനോഹരമായ ഒരു നൃത്തത്തിലേക്ക് പോകുന്നത് അവാച്യമായ ഒരു അനുഭൂതി പകര്‍ന്ന് നല്‍കുകയുണ്ടായി. സത്സംഗ് വേളയില്‍ എന്റെ വലത് വശത്ത് ഇരുന്നത് റിതിക് എന്ന് പേരായ ജമ്മുകാശ്മീര്‍ സ്വദേശി ആയിരുന്നു. തീവ്രവാദം നാശം വിതച്ച കാശ്മീര്‍ താഴ്‌വരയില്‍ ഗുരുജിയുടെ പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നതായി റിതികിന്റെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. റിതിക് കഴിഞ്ഞ ഒരുമാസമായി ആശ്രമത്തില്‍ സേവ ചെയ്യുന്നു. വല്ലാത്ത ഒരു ചൈതന്യവും ആകര്‍ഷണീയതയുമാണ് ആ ചെറുപ്പക്കാരനുള്ളത്.
അതുപോലെ സത്സംഗ് സമയത്ത് പരിചയപ്പെട്ട മറ്റൊരു സവിശേഷ വ്യക്തിത്വമാണ് അയര്‍ലന്റ് കാരിയായ കാതറീന്‍. അവര്‍ ആര്‍ട്ട് ഓഫ് ലിവിങിന്റെ ഇന്റര്‍നാഷണല്‍ ടീച്ചറാണ്. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കഥകളിയെ പറ്റിയും കോവളത്തെ പറ്റിയും ഒക്കെ ചോദിച്ചു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പരസ്യവാചകം ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവര്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുപോകുന്നതിന് മുമ്പ് കേരളവും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ കേരളത്തില്‍ വരുമ്പോള്‍ എന്നെ വിളിക്കാനായി നമ്പര്‍ വാങ്ങിയിരുന്നു. എന്നാല്‍ ആ മാസം ( ആഗസ്റ്റ് 2018) പകുതി ആയപ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ കേരളം മഹാപ്രളയത്തില്‍ ആണ്ട് പോയി. അവര്‍ ഇതറിഞ്ഞ് യാത്ര മാറ്റി വെച്ചു കാണും. ലോകം മുഴുവന്‍ ആശ്രമത്തിലേക്ക് ചുരുങ്ങിയതായി എനിക്ക് അനുഭവപ്പെട്ടു. ശരിക്കും ഒരു ഗ്ലോബല്‍ വില്ലേജില്‍ ചെന്നെത്തിയ പ്രതീതി.
ഏക്കറുകളോളം പരന്ന് കിടക്കുന്ന അധ്യാത്മിക തപോവനത്തിനുള്ളിലെ യാത്രകള്‍ക്ക് ഷട്ടില്‍ സര്‍വ്വീസ് വാനുകളെ ആശ്രയിക്കണം. അത് തികച്ചും സൗജന്യമാണ്,ഗൈഡും ആര്‍ട്ട് ഓഫ് ലിവിങ് ടീച്ചറുമായ സൗമിത്ര ചാറ്റര്‍ജി ഞങ്ങളെ ആശ്രമം മുഴുവന്‍ ചുറ്റിനടന്ന് കാണിച്ചു തന്നു. ഓരോ സ്ഥലത്തിന്റെയും സവിശേഷതകള്‍ അവര്‍ വിശദമായി ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞുതന്നു. ഓരോ ജന്‍മനക്ഷത്രത്തിന്റെയും വൃക്ഷങ്ങളെ നട്ട് പരിപാലിക്കുന്ന നക്ഷത്രവനവും ഗോശാലയും സന്ദര്‍ശിച്ചത് ഹൃദ്യമായ അനുഭവം ആയി. ആശ്രമത്തില്‍ ഉണ്ടായിരുന്ന ഓരോ നിമിഷവും ഞങ്ങള്‍ പ്രയോജനപ്പെടുത്തി.
സവിശേഷമായ ഭക്ഷണമാണ് ആശ്രമത്തില്‍ ലഭിക്കുന്നത്. അന്നപൂര്‍ണ്ണ എന്നാണ് ഊട്ട്പുര അറിയപ്പെടുന്നത്. അന്നം ബ്രഹ്മ എന്ന് വലിയ അക്ഷരത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഭഗവാന്റെ പ്രസാദമായിട്ടാണ് അവിടുത്തെ ഭക്ഷണത്തെ കരുതുന്നത്. ചെരുപ്പ് ഊരിയിട്ട് അമ്പലത്തില്‍ കയറുന്ന പവിത്രതയോടെ വേണം അന്നപൂര്‍ണ്ണയില്‍ പ്രവേശിക്കേണ്ടത്. ആദ്യ ദിവസം മുളപ്പിച്ച പയറും കടല പുഴുങ്ങിയതും ആയിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ചപ്പാത്തി, ചോറ്, ദാല്‍ തുടങ്ങിയവ. വെജിറ്റേറിയന്‍സിന് പ്രോട്ടീന്‍ അപര്യാപ്തത ഉണ്ടാകാതിരിക്കാനാകണം എല്ലാ നേരത്തും ഭക്ഷണത്തില്‍ ധാരാളം പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു ഓരോ ദിവസവും പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവും അത് എത്ര പേര്‍ക്ക് ഭക്ഷിക്കാന്‍ തികയുമായിരുന്നു എന്നതും വലിയ ബോര്‍ഡില്‍ സ്‌കെച്ച് പെന്‍ കൊണ്ട് എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. നിങ്ങള്‍ക്കാവശ്യമുള്ളത് മാത്രം എടുക്കുക, എടുക്കുന്നത് മുഴുവന്‍ ഭക്ഷിക്കുക എന്നും അവിടെ എഴുതി വെച്ചിരുന്നു.
ഗുരുജിയെ കണ്ട് നേരില്‍ സംസാരിക്കണം എന്ന എന്റെ ചിരകാല അഭിലാഷം മാത്രം സഫലമായില്ല. എങ്കിലും അദ്ദേഹത്തിന്റെ അദൃശ്യമായ സാന്നിധ്യം സുദര്‍ശനക്രിയ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ അനുഭവിച്ച് അറിഞ്ഞു. താമരപ്പൂവ് വിരിയുന്നതിന്റെ കണ്‍സെപ്റ്റില്‍ നിര്‍മ്മിച്ച വിശാലാക്ഷി മണ്ഡപത്തില്‍ വെച്ചാണ് സുദര്‍ശനക്രിയ നടക്കുന്നത്.. ഏകാഗ്രമായ ഗഹനമായ ധ്യാനത്തിന്റെ ഭാവരഹിതമായ പരമാനന്ദത്തിന്റെ തീവ്രമായ ഒരന്തരീക്ഷം അവിടെ പ്രസരിപ്പിക്കപ്പെട്ടു.. അത് എന്നെ മേഘരഹിതമായ ഒരു ആകാശത്തിലേക്ക് വഹിച്ചുകൊണ്ട് പോയി. 2019 ല്‍ ഞാന്‍ ജി ഫോര്‍ ജീനിയസ് എന്ന പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗ് വെബ്‌സൈറ്റിന്റെയും യൂടൂബ് ചാനലിന്റെയും വിജയത്തിനായി മനസ് കൊണ്ട് സങ്കല്‍പ്പം എടുത്തു.
തീര്‍ച്ചയായും ബാംഗ്ലൂരിലേക്ക് പോയ ഞാനല്ല തിരികെ വന്നത്. അടിമുടി നവീകരിക്കപ്പെട്ടു. തിരികെ നാട്ടിലെത്തിയപ്പോള്‍ മൂന്ന് വാക്കുകളില്‍ എന്റെ അനുഭവം ഭാര്യ രേവതിയോട് ഞാന്‍ വിശദീകരിച്ചു. വളരെ ഗംഭീരമായ അനുഭവം. ദീപ്തവും സംതൃപ്തവും ആഹ്ലാദകരവുമായ അവസ്ഥയില്‍ എന്നെ കണ്ടപ്പോള്‍ രേവതിയും വളരെ സന്തോഷിച്ചു.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

