( 2015 ഏപ്രിലില്‍ ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന പൃഥ്വിരാജിനെ കാണാന്‍ തലേന്ന് തന്നെ അവിടെ പോയി റൂം എടുത്ത് നിന്ന കഥ !)
2015 ഏപ്രിലില്‍ പൃഥ്വിരാജ് ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ അഹം ബ്രഹ്മാസ്മിയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാന്‍ പുനലൂര്‍ നിന്നും തലേന്ന് തന്നെ ആറ്റിങ്ങല്‍ വന്ന് റൂം എടുത്തു. തലേന്ന് കടയില്‍ കയറി നോക്കി. അവിടെ തൊഴിലാളികള്‍ മാത്രമേ ഉള്ളൂ. അവര്‍ തുണിത്തരങ്ങള്‍ അടുക്കി വെക്കുകയും നാളെത്തെ ഉത്ഘാടനത്തിന് വേണ്ട കാര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. ഉടമകളായ പട്ടാഭിരാമന്‍ സാറോ മക്കളാരെങ്കിലുമോ അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്തായി. മാനേജര്‍ എന്ന് തോന്നിക്കുന്ന ആളെ പരിചയപ്പെട്ടു.നാളെ രാജുവിനെ കാണാന്‍ അവസരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അത് നടക്കുന്ന കാര്യമല്ല എന്ന് പറഞ്ഞ് അയാള്‍ നിരുല്‍സാഹപ്പെടുത്തി. ഞാന്‍ കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ നാളത്തെ സാഹചര്യം എന്താണ് എന്ന് നോക്കട്ടെ ശ്രമിക്കാം ഉറപ്പ് പറയുന്നില്ല എന്ന് പറഞ്ഞു
അങ്ങനെ പിറ്റേ ദിവസം. രാവിലെ കുളിച്ച് കോവിലില്‍ പോയി പ്രാര്‍ത്ഥിച്ച് കുറിയൊക്കെ തൊട്ട് 8.30 ആയപ്പോഴേ ഞാന്‍ കടയുടെ മുന്നില്‍ സ്ഥാനം പിടിച്ചു. ഭാഗ്യം . അവിടെ കഷ്ടിച്ച് ഒരു പത്ത് പേര്‍ വരും. കടയ്ക്കകത്ത് ഉടമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഉള്ളില്‍ കയറി അവരെ കാണാനുള്ള ശ്രമം സെക്യൂരിറ്റി തടഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ പൃഥ്വിരാജിന് നല്‍കാന്‍ ഒരു കത്ത് തയ്യാറാക്കി വെച്ചിരുന്നു. രാജു വന്നിറങ്ങിയാല്‍ ഉടനെ ആ കത്ത് കൈമാറാന്‍ സാധിച്ചാല്‍ എന്റെ യാത്ര വന്‍വിജയമായി എന്ന് പറയാം.
ഞാന്‍ കാത്തിരുന്നു. മണി പത്തായി, പത്തരയായി. അവിടെ വളരെ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടുതലും ചെറുപ്പക്കാരാണ്. റോഡ് ബ്ലോക്ക് ആയി. നിയന്ത്രിക്കാന്‍ പോലീസുകാരും ബ്ലാക്ക് ക്യാറ്റ്‌സും വന്നു. സ്റ്റേജ് കടയുടെ ഇടതു വശത്ത് കുറച്ച് ഉള്ളില്‍ ആയിട്ട് ആയിരുന്നു.അവിടേയ്ക്കുള്ള വഴിയില്‍ ബാരിക്കേഡ് സജ്ജീകരിച്ചിരുന്നു. അങ്ങനെ ഒടുവില്‍ കാത്ത് കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. പൃഥ്വിരാജ് വന്ന വാഹനം ( ഒരു ബ്ലാക്ക് പജീറോ ആണെന്നാണ് എന്റെ ഓര്‍മ്മ ) വാതില്‍ക്കല്‍ വന്നപ്പോഴേ ചക്കരയില്‍ ഈച്ച പൊതിയുന്നതുപോലെ ആരാധകര്‍ വണ്ടിക്ക് മാര്‍ഗതടസം ഉണ്ടാക്കി നിന്നു. എനിക്ക് തിക്കിലും തിരക്കിലും പെട്ട് വാഹനത്തിന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. തിരക്കില്‍ പെട്ട് ഞാന്‍ താഴെ വീണു ( ആ ചടങ്ങിലെ പൃഥ്വിരാജിന്റെ ആരാധകവൃന്ദത്തിന്റെ ബാഹുല്യം അത് ചിത്രീകരിച്ച് ആരോ യൂടൂബില്‍ ഇട്ടിട്ടുണ്ട്. സൂക്ഷിച്ച് പരിശോധിച്ചാല്‍ ആ വീഡിയോയില്‍ ഒരു മിന്നായം പോലെ എന്നെയും കാണാം ).
കരിമ്പൂച്ചകള്‍ ആരാധകവൃന്ദത്തെ വകഞ്ഞ് മാറ്റി വാഹനത്തിന് വഴിയൊരുക്കി. ബാരിക്കേഡിനുള്ളിലേക്ക് സ്റ്റേജ് വരെ വണ്ടി പോയി.രാജു വണ്ടിയില്‍ നിന്നും ഇറങ്ങി അവിടെ കൂടി നിന്ന പുരുഷാരത്തിന് നേരേ കൈ വീശി കാണിച്ചു. ബാരിക്കേഡിന് വെളിയില്‍ നിന്ന എനിക്ക് അത് ഒരു അവ്യക്തമായ കാഴ്ച ആയിരുന്നു. ജനക്കൂട്ടത്തിന്റെ കയ്യടിയില്‍ രാജുവിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വന്ന കാര്യവും നടന്നില്ല.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തലേന്ന് തന്നെ റൂം എടുത്ത് നിന്ന് താരത്തെ കാണാന്‍ പോയ സാഹസം ഓര്‍ത്ത് ഉള്ളാലെ പുഞ്ചിരി തൂകാറുണ്ട്. അത് ഒരു അപക്വമായ തീരുമാനം ആയിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു. അന്ന് എന്റെ കയ്യില്‍ പൃഥ്വിരാജിന് വേണ്ടി എഴുതിയ അഹം ബ്രഹ്മാസ്മി എന്ന തിരക്കഥയുടെ വണ്‍ലൈന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരക്കഥയാക്കി വികസിപ്പിച്ച് എഴുതിയത് പിന്നീടാണ്. അന്ന് ആ കത്ത് കൊടുക്കാന്‍ പറ്റിയിരുന്നു എങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു. പൂര്‍ത്തിയാക്കിയ തിരക്കഥയുമായി പോയാല്‍ പോലും മൂന്നാല് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലാത്ത സ്ഥിതി ആയിരുന്നു.
പില്‍ക്കാലത്ത് സിനിമ ആധികാരികമായി പഠിക്കേണ്ട ഒന്നാണ് എന്ന യാഥാര്‍ത്ഥ്യം എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്ത് വരവേ സീനിയര്‍ക്ലാര്‍ക്കായി പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ ഞാന്‍ തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഐജി ഓഫീസ് തിരഞ്ഞെടുത്തു. അവിടെ സിനിമ പഠിക്കാനുള്ള സൗകര്യം ഉണ്ടാകും എന്ന എന്റെ നിഗമനം ശരിയായിരുന്നു. ആദ്യം സമീപിച്ചത് രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയെ ആയിരുന്നു. എന്നാല്‍ അവിടത്തെ ഉയര്‍ന്ന ഫീസ് എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
അങ്ങിനെയിരിക്കേ ഒരു സുഹൃത്ത് പറഞ്ഞ് തിരുവനന്തപുരം കാഞ്ഞിരംപാറ ഉള്ള കേരള ഫിലിം അക്കാദമിയയെ പറ്റി അറിഞ്ഞു. അവിടെ റീസണബിള്‍ ആയ ഫീസേ ഉള്ളൂ എന്ന് മനസിലാക്കി. ഞാന്‍ നേരിട്ട് പോയി തിരക്കി. പ്രാക്ടിക്കല്‍ സൗകര്യത്തിനായി ക്യാമറയും മറ്റ് അനുബന്ധഉപകരണങ്ങളും അവിടെ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗപ്പെടുത്താം. പാര്‍ട്ട് ടൈമായി പഠിക്കാനുള്ള സൗകര്യവും ഉണ്ട്. എല്ലാം കൊണ്ടും എനിക്ക് പറ്റിയ സ്ഥലം. ഞാന്‍ അവിടെ നിന്നും ഫിലിം ഡയയറക്ഷന്‍ ആന്റ് സ്‌ക്രിപ്റ്റ് റൈറ്റിങ് ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി.
ഫിലിം അക്കാദമിയില്‍ നിന്നും സ്വായത്തമാക്കിയ അറിവുകള്‍ ഉപയോഗിച്ച് അഹം ബ്രഹ്മാസ്മിയും എന്റെ മനസിലുള്ള മറ്റ് രണ്ട് കഥകളും ഞാന്‍ പൂര്‍ണ്ണ തിരക്കഥയാക്കി വികസിപ്പിച്ചു. അത് വലിയ ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതിനായി പടക്കോപ്പുകള്‍ സജ്ജീകരിച്ച് വെക്കുന്നത് പോലെയാണ്. സിനിമാഫീല്‍ഡില്‍ ഇറങ്ങുന്നതിനെ പറ്റി ഇതിലും വലിയ ഉപമ വേറെയില്ല. ശരിക്കും യുദ്ധം തന്നെയാണ്. വിജയമോ പരാജയമോ എന്നത് തീര്‍ച്ചയില്ലാത്ത യുദ്ധം.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

