Miracle– Contest 2024 ( Last Date of Submition : June 30 , 2025 )
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് Miracle Film Society സ്കൂൾ കുട്ടികൾക്കായി ഒരു മൽസരം നടത്തുന്നു. കുട്ടികൾ വായിച്ച ഏതെങ്കിലും ബഷീർ കൃതിയുടെ ആസ്വാദനക്കുറിപ്പ് എഴുതി ഞങ്ങൾക്ക് അയക്കുക എന്നതാണ് മൽസരം. ഒന്നാം സമ്മാനം രണ്ട് ടാബ് ലറ്റ് പി സി മുതൽ 430 ഓളം കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കുന്നു. ആസ്വാദനക്കുറിപ്പ് ഒരു പേജിൽ കവിയരുത് ( ഒരു A 4 പേപ്പറിന്റെ ഇരു പുറവും എഴുതാം ) . ഇംഗ്ലീഷിലോ മലയാളത്തിലോ രണ്ടു ഭാഷകളും ഇടകലർത്തിയോ എഴുതാവുന്നതാണ്. ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയയ്ക്കാവുന്നതാണ്.എന്നാൽ ഒരു കത്തിൽ ഒരു എൻട്രി മാത്രം ഉള്ളടക്കം ചെയ്യുക. ( Entry Number Specify ചെയ്യേണ്ടതാണ് ). ഏറ്റവും കൂടുതൽ എൻട്രികൾ അയയ്ക്കുന്ന മൽസരാർത്ഥിക്ക് Surprise Gift ആയി Smart Watch ലഭിക്കുന്നതാണ്. എൻട്രികൾ ഇന്ത്യ പോസ്റ്റ് വഴി ഓർഡിനറി തപാലിൽ മാത്രം അയക്കുക.. വാട്സാപ്പ് വഴിയോ കൊറിയർ വഴിയോ ലഭിക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
അനശ്വരനായ ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ന് വിജയികളെ പ്രഖ്യാപിക്കും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ജന്മദിനം, ഭൂമിയുടെ അവകാശികൾ, ന്റുപ്പൂപ്പാക്കൊരേനാണ്ടാർന്നു, ആനവാരിയും പൊൻകുരിശും, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, വിശ്വവിഖ്യാതമായ മൂക്ക്, ആനപ്പൂട, ഭാർഗ്ഗവീനിലയം –ഇതെല്ലാം തന്നെ എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ആകർഷിക്കുന്ന ബഷീർ കൃതികളാണ്. കുട്ടികളുടെ വായനയെയും സർഗ്ഗാത്മകമായി എഴുതാനുള്ള കഴിവിനേയും പ്രോൽസാഹിപ്പിക്കുകയാണ് സൊസൈറ്റി ഈ മൽസരം കൊണ്ട് ഉദ്ദേശിക്കുന്നത്..
ഈ മൽസരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം തന്നെ പോസിറ്റീവായ ഒരു പ്രചോദനം നൽകിക്കൊണ്ട് അവരുടെ self confidence and self esteem ഉയർത്തിക്കൊണ്ട് വരാനാണ് Team Miracle ശ്രമിക്കുന്നത്. കതിരിൽ കൊണ്ട് വളം വെച്ചിട്ട് കാര്യമില്ല എന്ന് പണ്ടുള്ളവർ പറഞ്ഞതു പോലെ നമ്മൾ വിത്തിൽ നിന്ന് തന്നെ തുടങ്ങുന്നു. ഈ മൽസരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കത്തുകൾ സൊസൈറ്റിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കരമന പോസ്റ്റ് ഓഫീസിലേക്ക് വരുന്നത് ഞാൻ ഭാവനയിൽ കാണുന്നു. എന്തൊരു മാറ്റം ആയിരിക്കും അല്ലേ. ഈ മൽസരത്തിലേക്ക് എങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീർ കടന്നു വന്നത് എന്നത് വളരെ നീണ്ട ഒരു കഥയാണ്. ഞാൻ ആ കഥ ചുരുക്കി വിവരിക്കാം.
കഴിഞ്ഞ മെയ് മാസത്തിൽ ബഷീറിന്റെ ജന്മദിനം എന്ന ചെറുകഥ ഞാൻ വീണ്ടും വായിക്കാനിടയായതാണ് ഇത്തരത്തിലുള്ള ഒരു വലിയ മൽസരം സംഘടിപ്പിക്കുന്നതിലേക്ക് എത്തിച്ചേർന്നത്. ആ നാൾ വഴികൾ ഒരു ചെറു ലേഖനം ആയി കുറിക്കുന്നത് ഈ സന്ദർഭത്തിൽ ഉചിതമായിരിക്കും എന്ന് തോന്നി.രസകരമായ വസ്തുത എന്താണ് എന്നുവെച്ചാൽ ബേപ്പൂർ സുൽത്താനും ഒരു ഡയറി എഴുതുന്ന ഫോർമാറ്റിലാണ് ജന്മ ദിനം എന്ന കഥയെ ( അനുഭവ കുറിപ്പിനെ ) സമീപിച്ചിരിക്കുന്നത് എന്നതാണ്. ഡയറി എഴുതാൻ മണ്ണെണ്ണ വിളക്കിൽ എണ്ണ ഇല്ലാത്തതിനാൽ കായലോരത്തെ വിളക്കുകാലിൽ ചാരിയിരുന്നാണ് ബഷീർ ആ കഥ എഴുതിയിരിക്കുന്നത്.
ഒരു മകരം 8-ആം തീയതി, തന്റെ ജന്മദിനത്തിൽ അതി രാവിലെ കുളിച്ച് വെള്ളഖദർ മുണ്ടും വെള്ളഷർട്ടും ധരിച്ച് രാവിലത്തെ ചായയ്ക്ക് ( ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ചെറിയ ചായയ്ക്ക് ) എന്തുവഴി എന്ന ആലോചനയിലാണ് ബഷീർ. ഉച്ചയ്ക്കത്തെ ഊണിന് ഇന്നലെ വഴിയിൽ വെച്ച് കണ്ട ധനാഢ്യനായ ഹമീദ് ക്ഷണിച്ചിട്ടുണ്ട്.
പരിമിതമായ സൌകര്യങ്ങളുള്ള വീടിന്റെ ചെറിയ വാടക ആയ എട്ടണ പോലും കൃത്യമായി കൊടുക്കാൻ സാധിക്കാത്തതിനാൽ വീട്ടുടമസ്ഥൻ കലിപ്പിലാണ്. ജന്മദിനത്തിന് എങ്കിലും കളങ്കമില്ലാതെ ആരോടും ഒരണ പോലും കടം വാങ്ങാതെ ജീവിക്കണം എന്ന തീരുമാനം എടുക്കുന്നു. രസകരമായ മറ്റൊരു കാര്യം എത്രാമത്തെ ജന്മദിനം എന്നു പോലും കഥാകൃത്തിന് ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇരുപത്തിയാറോ മുപ്പത്തിരണ്ടോ അതോ നാൽപത്തിയേഴോ ആണത്രെ. ബഷീറിന്റെ ജീവിതം പരിശോധിച്ചാൽ ഇതിൽ അതിശയിക്കാനൊന്നുമില്ല എന്ന് കാണാം. ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ വൈക്കത്തുള്ള വീട്ടിൽ നിന്ന് ഒളിച്ചോടി. എറണാകുളത്തു വരെ കാൽ നടയായും അവിടെ നിന്ന് കള്ളവണ്ടി കയറി കോഴിക്കോടും എത്തി കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ ഉപ്പു് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. മദിരാശി, കോഴിക്കോട് , തിരുവനന്തപുരം എന്നീ ജയിലുകളിലായി മാസങ്ങളോളം ജയിൽ വാസം. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. തുടർന്ന് ആഫ്രിക്ക, അറേബ്യ എന്നീ വിദേശ രാജ്യങ്ങളിലും ഊരു ചുറ്റി. ഈ കാലത്ത് ചെയ്യാത്ത ജോലികൾ ഒന്നുമില്ല. അഞ്ചാറു കൊല്ലം ഹിമാലയ സാനുക്കളിലും ഗംഗാ തീരങ്ങളിലും ഹിന്ദു സന്യാസിയായും സൂഫിയായും കഴിച്ചുകൂട്ടി. ഞാൻ മനസിലാക്കിയടത്തോളം ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും അനുഭവസമ്പത്തുള്ള സാഹിത്യകാരൻ ബഷീറാണ്. ബഷീറിനെ വായിച്ചാൽ പരോക്ഷമായി ജീവിതം പഠിക്കുന്നു എന്നാണ് അർത്ഥം. അതിനാലാണ് മിറാക്കിൾ ഫിലിം സൊസൈറ്റി ഈ മൽസരത്തിന് ബഷീർ കൃതികൾ തന്നെ തിരഞ്ഞെടുത്തത്.
ജന്മ ദിനത്തിലെ അനുഭവങ്ങളെ പറ്റിയാണല്ലോ നമ്മൾ ചർച്ച ചെയ്തു വന്നത്. പറ്റ് തീർത്തു കൊടുക്കാത്തതിനാൽ ചായക്കടയിൽ നിന്ന് ബഷീർ ആട്ടിപ്പായിക്കപ്പെട്ടു. ഊണ് വാങ്ങി തരാം എന്ന് ഏറ്റ ഹമീദും അത്യാവശ്യമായി എവിടേക്കോ പോയി . അസ്ഥികൾ വേവുന്ന വിശപ്പും ലോകം വിഴുങ്ങുവാൻ പോന്ന ആർത്തിയും ബഷീർ വാക്കുകൾ കൊണ്ട് വരച്ചിടുന്നു
തുടർന്ന് ബഷീർ പണ്ട് പത്രാധിപരും ഇപ്പോൾ കച്ചവടക്കാരനുമായ മിസ്റ്റർ പി യെ പോയി കാണുന്നു. ബഷീർ എഴുതിയ ഒരുപാട് ലേഖനങ്ങൾ മി. പിയുടെ പേരിൽ അച്ചടിച്ച് വന്നിരുന്നുവത്രെ. ( Ghost Writing ഇന്ന് മാത്രമല്ല, അന്നും ഉണ്ടായിരുന്നു ! ) . മിസ്റ്റർ പി ആകട്ടെ ചായ വരുത്തി സ്വയം കുടിച്ചിട്ടും ബഷീറിന് ചായ വേണോ എന്ന് ചോദിക്കുന്നില്ല.
മണി മൂന്നായിട്ടും ജന്മദിനത്തിൽ വെറും വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല. കടം വാങ്ങിക്കില്ല എന്ന് ആദ്യമേ നിശ്ചയിച്ചതാണ്. കടം സ്നേഹബഹുമാനങ്ങളെ കുറയ്ക്കുന്ന ഒരു ഏർപ്പാടാണ്. മരിച്ചു കളഞ്ഞാലോ എന്ന് പോലും ആലോചിച്ച് ഇരിക്കുന്ന സമയം ഒരു പോലീസുകാരൻ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയി. ബഷീർ “പ്രഭ” എന്ന തൂലികനാമത്തിൽ വിപ്ലവപാർട്ടിക്ക് വേണ്ടി ലേഖനങ്ങൾ എഴുതിയിരുന്നുവല്ലോ. അത് ചോദ്യം ചെയ്യുന്നതിനാണ്. അതു കഴിഞ്ഞ് രാത്രി എട്ടേമുക്കാലിന് പോലീസ് സ്റ്റേഷനിൽ നിന്ന് പരിക്ഷീണിതനായി വന്ന് അയൽപക്കത്തെ സമ്പന്നനായ കോളേജ് വിദ്യാർത്ഥിയോട് ഒരു റുപിയ കടം വാങ്ങാൻ ഉറപ്പിച്ചു.
ആ പൊടിമീശക്കാരനായ ചെറുപ്പക്കാരനും ബഷീറും തമ്മിലുള്ള സംഭാഷണം കാലത്തെ അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു
അയാൾ– നമ്മുടെ ഭാഷയിൽ നല്ല ചെറുകഥകൾ ഒന്നും ഇല്ല. ഭാഷയിലും നാട്ടിലും നമുക്ക് വല്ലതും ഉണ്ടോ . നല്ല ആണുങ്ങളും നല്ല പെണ്ണുങ്ങളും ഉള്ളത് കടലുകൾക്കപ്പുറത്ത്.
ബഷീർ–ആരുടെയൊക്കെ ചെറുകഥകൾ വായിച്ചിട്ടുണ്ട്
അയാൾ–അധികം ആളുടേതൊന്നും വായിച്ചിട്ടില്ല. ഒന്നാമത് മാതൃഭാഷയിൽ വല്ലതും വായിക്കുന്നത് തന്നെ ഒരന്തസ്സ് കുറഞ്ഞ പണിയാണ്.
ബഷീർ ചില മലയാളചെറുകഥാകൃത്തുക്കളുടെ പേരുകൾ പറഞ്ഞത് മിക്കതും അയാൾ കേട്ടിട്ടില്ല.
ബഷീർ– ഇംഗ്ലീഷിലെന്നല്ല, ലോകത്തിലെ എല്ലാ ഭാഷയിലെയും ചെറുകഥകളോട് മൽസരിക്കത്തക്ക നല്ല ചെറുകഥകൾ നമ്മുടെ ഭാഷയിൽ ഇന്നുണ്ട്. നിങ്ങൾ എന്തുകൊണ്ടു വായിക്കുന്നില്ല.
അയാൾ– ഓ , ചിലതൊക്കെ വായിച്ചിട്ടുണ്ട്. മിക്കതും ദാരിദ്ര്യത്തെ പറ്റി പറയുന്ന കഥകളാണ്. എന്തിനാണ് അതൊക്കെ എഴുതുന്നത്. നിങ്ങളുടെ ഒക്കെ കഥകൾ വായിച്ചാൽ ലോകത്തിന് എന്തോ വലിയ തകരാർ ഉണ്ടെന്ന് തോന്നിപ്പോകും
ബഷീർ ( ആത്മഗതം )—ലോകത്തിന് എന്ത് തകരാറ് . അച്ഛനമ്മമാർ കഷ്ടപ്പെട്ട് മാസം തോറും പണം അയച്ച് കൊടുക്കുന്നു. അതു ചിലവാക്കി വിദ്യാഭ്യാസം ചെയ്യുന്നു. സിഗററ്റ് , ചായ , കോഫി , ഐസ്ക്രീം, സിനിമ, കുട്ടിക്കൂറാ പൌഡർ, വാസ് ലെയിൻ , സ്പ്രേ , വില കൂടിയ വസ്ത്രങ്ങൾ, മദ്യം , മയക്കുമരുന്ന് , സിഫിലിസ്, ഗുണോറിയ –അങ്ങനെ പോകുന്നു ഭാവിയിലെ പൌരൻമാർ . നാടു ഭരിക്കേണ്ടവരും നിയമം നടപ്പിലാക്കേണ്ടവരും . ബുദ്ധി ജീവികളും സാംസ്കാരിക നായകൻമാരും , മത നേതാക്കൾ…ദാർശനികർ… ലോകത്തിനെന്തു തകരാറ്
സുഹൃത്തുക്കളേ എത്രയോ പതിറ്റാണ്ട് മുമ്പ് നടന്ന സംഭാഷണമാണ് ഇത്. ഇന്നും ഇതിന് പ്രസക്തി കൂടിയിട്ടേ ഉള്ളൂ.
ജന്മദിനം എന്ന ചെറുകഥയുടെ അവസാനം അയൽവാസിയുടെ അടുക്കളയിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന ബഷീറിനെ കാണാം. വിശന്നപ്പോൾ ഒരു പിടി അരി മോഷ്ടിച്ച ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടവിചാരണ ചെയ്ത് കൊലപ്പെടുത്തുകയും നിഷ്ഠൂരമായ ആ പാതകം ചെയ്ത കുറ്റവാളികൾക്ക് അർഹിച്ച ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ അമ്പേ പരാജയപ്പെടുകയും ചെയ്ത സമകാലിക കേരളത്തിൽ നമ്മുടെ കുഞ്ഞങ്ങൾ ബഷീറിനെ വായിച്ച് വളരണം. അതിലൂടെ ജീവിതം പഠിക്കണം. ഇതാണ് ഈ contest / campaign ലൂടെ മിറാക്കിൾ ഫിലിം സൊസൈറ്റി ലക്ഷ്യം വെക്കുന്നത്. സൊസൈറ്റിയുടെ രണ്ടാം വാർഷികത്തിന് കേരളീയ സമൂഹത്തെ ആഴത്തിൽ സ്പർശിക്കുന്ന ഒരു പ്രോഗ്രാം പ്ലാൻ ചെയ്യുവാൻ സൊസൈറ്റി സെക്രട്ടറി എന്ന നിലയിൽ എന്നെ ചുമതലപ്പെടുത്തിയപ്പോഴാണ് യാദൃശ്ചികമായി ഞാൻ ബഷീറിന്റെ ജന്മദിനം എന്ന കഥ പുനർവായന നടത്തിയത്. പ്രപഞ്ചത്തിന്റെ നിയതി , നിയോഗം എന്നേ ഞാൻ അതിനെ കരുതുന്നുള്ളൂ. അങ്ങിനെയാണ് ഈ മൽസരത്തിലേക്ക് എത്തിച്ചേർന്നത്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ മൽസരത്തിന്റെ പോസ്റ്ററും ഈ ബ്ലോഗ് പോസ്റ്റും പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണമെന്നു കൂടി എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു
പ്രാർത്ഥനാപൂർവ്വം
ഗിരീഷ് നമശിവായം
Mob: 9495239904


1 Response to 78) Miracle – Contest -2024