ആദ്യമായി എന്നെ “നല്ല കുട്ടി” എന്ന് വിളിച്ചത് അമ്മയായിരുന്നു.
“അമ്മ പറയുന്നത് കേൾക്കുന്ന കുട്ടിയാണ് നല്ല കുട്ടി.”
ആ ഒരു വാചകം എന്റെ ജീവിതത്തിന്റെ നിയമപുസ്തകമായി മാറി.
അമ്മ പറഞ്ഞതെല്ലാം അനുസരിച്ചു. അച്ഛൻ പറഞ്ഞ വഴിയിലൂടെ നടന്നു. സ്വന്തം ഇഷ്ടങ്ങൾ ഒളിപ്പിച്ചുവെച്ച്, മറ്റുള്ളവരുടെ ഇഷ്ടങ്ങൾ എന്റെ ജീവിതത്തിന്റെ നിറമായി പൂശി. ഞാൻ ചിരിച്ചാൽ അവർ സന്തോഷിച്ചു. ഞാൻ മിണ്ടാതിരുന്നാൽ അതിനെ പക്വതയെന്ന് വിശേഷിപ്പിച്ചു.
ഓരോ പ്രശംസയും എന്റെ കഴുത്തിൽ വീണ സ്വർണ്ണമാലയായിരുന്നില്ല. കാണാത്ത ഒരു ചങ്ങലയായിരുന്നു.
രാവിലെ കുളിച്ച് മുടങ്ങാതെ അമ്പലത്തിൽ പോയി. മണിനാദങ്ങൾക്കിടയിൽ കൈകൂപ്പി നിന്ന എന്നെ കണ്ടു തിരുമേനി പുഞ്ചിരിച്ചു.
“ശിവന്റെ മകൻ… നല്ല കുട്ടിയാണ്.”
ആ വാക്കുകൾ കേട്ട് വീട്ടുകാർ അഭിമാനിച്ചു. ഞാനും സന്തോഷിച്ചു. പക്ഷേ, ദൈവത്തോട് ഒരിക്കലും ചോദിക്കാൻ ധൈര്യപ്പെട്ടില്ല…
“എനിക്ക് ഇഷ്ടമുള്ള ജീവിതം ജീവിച്ചാൽ ഞാൻ മോശം കുട്ടിയാകുമോ?”
കാലം മുന്നോട്ടുപോയി.
വിവാഹം കഴിഞ്ഞു. നല്ല ഭർത്താവാകണമെന്ന് തീരുമാനിച്ചു. ഭാര്യയുടെ ഒരു പരാതിക്കും ഇടം കൊടുത്തില്ല. സ്വന്തം അഭിപ്രായങ്ങൾ പലപ്പോഴും വിഴുങ്ങി. . തർക്കങ്ങൾ ഒഴിവാക്കി. മൗനത്തെ സ്നേഹമെന്ന് തെറ്റിദ്ധരിച്ചു.
എല്ലാവരും പറഞ്ഞു…
“എന്തൊരു നല്ല ഭർത്താവ്!”
ആ പ്രശംസയുടെ കൈയടികൾക്കിടയിൽ എന്റെ ശബ്ദം പതിയെ അപ്രത്യക്ഷമായി.
ജോലിയിൽ കയറിയപ്പോൾ അവിടെയും അതേ കഥ. മേലധികാരികളോട് ഒരിക്കലും കലഹിച്ചില്ല. അനീതിയെന്ന് തോന്നിയ തീരുമാനങ്ങൾക്കും എതിർപ്പ് പറഞ്ഞില്ല.
എന്റെ ഫയലുകൾ എല്ലായ്പ്പോഴും സമയത്ത് തീർന്നു. മേലധികാരിയുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിടർന്നു.
“ഇയാളാണ് മാതൃകാ ഉദ്യോഗസ്ഥൻ.”
ഗുഡ് ബുക്കിൽ എന്റെ പേര് കയറി.
പക്ഷേ… എന്റെ ജീവിതത്തിന്റെ പുസ്തകത്തിൽ നിന്ന് എന്റെ പേര് പതിയെ മാഞ്ഞുപോയിരുന്നു.
പിന്നീട് ഞാൻ അച്ഛനായി.
മകൾ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തു. നല്ല വിദ്യാഭ്യാസം നൽകി. അവൾ കരയുന്നതിന് മുമ്പേ അവളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. അവളുടെ സന്തോഷത്തിനായി രാത്രികൾ ഉറക്കമില്ലാതെ കാത്തിരുന്നു.
നാട്ടുകാർ പറഞ്ഞു…
“എന്തൊരു നല്ല പിതാവ്!”
ആ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ചിരിച്ചു.
പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു ചോദ്യം ഒളിച്ചിരുന്നു.
“എന്റെ ഉള്ളിലെ കുഞ്ഞിനെ അവസാനമായി ഞാൻ എപ്പോഴാണ് സന്തോഷിപ്പിച്ചത്?”
നിയമങ്ങൾ പാലിച്ചു കൊണ്ട് ആരെയും വേദനിപ്പിക്കാതെ ആരുമായും ശത്രുതയുണ്ടാക്കാതെ സമൂഹം നല്ല മനുഷ്യൻ എന്ന് മുദ്രകുത്തിയ ജീവിതം.
പക്ഷേ…
ഓരോ പ്രശംസയും കിട്ടുമ്പോഴും എന്റെ ഉള്ളിൽ ഒരു സ്വപ്നം മരിച്ചുകൊണ്ടിരുന്നു.
എഴുതാൻ ആഗ്രഹിച്ച കഥകൾ എഴുതാതെ പോയി.
കാണാൻ കൊതിച്ച സ്വപ്നങ്ങൾ കാണാതെ പോയി.
പാടാൻ ആഗ്രഹിച്ച പാട്ടുകൾ മനസ്സിന്റെ ഇരുണ്ട മുറികളിൽ പൊടിപിടിച്ചു കിടന്നു.
എന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി ഞാൻ തന്നെ കുഴിച്ചുമൂടി.
മറ്റുള്ളവരുടെ പ്രീതി നേടാൻ…
നല്ല പേരിന്റെ സ്മാരകം പണിയാൻ…
എന്റെ ആത്മാവിനെ ജീവനോടെ അടക്കം ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണാടിക്കു മുന്നിൽ നിന്നപ്പോൾ അവിടെ കണ്ടത് എന്നെയായിരുന്നില്ല.
ആയിരം നല്ല വിശേഷണങ്ങൾ ചാർത്തപ്പെട്ട ഒരു മനുഷ്യനെ…
പക്ഷേ ജീവിക്കാൻ മറന്നുപോയ ഒരു ആത്മാവിനെ.
അന്നാണ് ആദ്യമായി ഞാൻ എന്നോട് തന്നെ സംസാരിച്ചത്
“മതി.”
“ഇനി മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിച്ചത് മതി.”
“ഇനി എനിക്ക് വേണ്ടി ജീവിക്കണം.”
എന്റെ ജീവിതം…
എന്റെ സ്വപ്നങ്ങൾ…
എന്റെ ഇഷ്ടങ്ങൾ…
എന്റെ വിജയങ്ങൾ…
എല്ലാം എന്റേതാകണം.
അതിരുകളില്ലാത്ത ആകാശത്തിലേക്ക് ചിറകുകൾ വിരിച്ച് പറക്കണം.
വീണാൽ അത് എന്റെ തീരുമാനത്തിന്റെ വിലയായിരിക്കട്ടെ.
ഉയർന്നാൽ അത് എന്റെ ധൈര്യത്തിന്റെ പ്രതിഫലമായിരിക്കട്ടെ.
ഇനി ആരുടെയും നല്ല കുട്ടിയാകേണ്ട.
ആരുടെയും മാതൃകാ ഭർത്താവാകേണ്ട.
ആരുടെയും മാതൃകാ ഉദ്യോഗസ്ഥനാകേണ്ട.
ആരുടെയും പ്രശംസയ്ക്കുവേണ്ടി ജീവിക്കേണ്ട.
എനിക്ക് ഇനി വേണ്ടത് ഒരു നല്ല പേരല്ല…
ഒരു യഥാർത്ഥ ജീവിതമാണ്.
കാരണം ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച മനുഷ്യൻ, ഒരിക്കൽ എങ്കിലും സ്വന്തം ഹൃദയത്തിനുവേണ്ടി ജീവിക്കാൻ അർഹനാണ്.
അടുത്ത ദിവസം ഞാൻ ആദ്യമായി “ഇല്ല” എന്ന് പറഞ്ഞു.
ആരും കൈയടിച്ചില്ല.
ആരും എന്നെ “നല്ല കുട്ടി” എന്ന് വിളിച്ചില്ല.
ചിലർ പറഞ്ഞു…
“ഇവന് അഹങ്കാരം വന്നിരിക്കുന്നു.”
മറ്റുചിലർ പറഞ്ഞു…
“പണ്ടുണ്ടായിരുന്ന ആ നല്ല മനുഷ്യൻ അല്ല ഇപ്പോൾ.”
ഞാൻ വെറുതെ പുഞ്ചിരിച്ചു.
കാരണം ആദ്യമായാണ് അവരുടെ കണ്ണുകളിൽ ഞാൻ മോശക്കാരനാകുന്നത്…
അതേ നിമിഷം, എന്റെ സ്വന്തം കണ്ണുകളിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനായി ജനിക്കുകയായിരുന്നു.
വർഷങ്ങളായി ഞാൻ ഒരു കൂട്ടിലടച്ച പക്ഷിയായിരുന്നു.
ആ കൂടിന്റെ കമ്പികൾ ഇരുമ്പുകൊണ്ടായിരുന്നില്ല…
‘നല്ല കുട്ടി’ എന്ന ഒറ്റ വാക്കുകൊണ്ടായിരുന്നു.
ഇല്ല എന്ന് പറഞ്ഞ ആ ദിവസം ഞാൻ ആ കൂട്ടിന്റെ വാതിൽ തുറന്നു.
പറന്നുയരുമ്പോൾ ആകാശം എന്നോട് ഒരു ചോദ്യം പോലും ചോദിച്ചില്ല.
“നീ നല്ലവനാണോ… മോശക്കാരനാണോ?”
ആകാശം പറഞ്ഞത് ഒറ്റ വാക്ക് മാത്രം.
പറക്കാൻ ധൈര്യമുള്ളവൻ… സ്വതന്ത്രനാണ്.
അപ്പോഴാണ് എനിക്ക് മനസ്സിലായത്…
മറ്റുള്ളവരുടെ കഥയിൽ ‘നല്ല കുട്ടി’ ആകാൻ ശ്രമിച്ചതുകൊണ്ടാണ് ഇതുവരെ ഉള്ള ജീവിതത്തിൽ ഞാൻ എന്നെ തന്നെ നഷ്ടപ്പെടുത്തിയത്.
അതെ …ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ ഇനി ഞാൻ എഴുതാൻ പോകുന്നത്… എന്റെ സ്വന്തം കഥയാണ്. സ്വന്തം വിജയ കഥ.

