Trailer of Movie Spin off Novel By Girish Namsivvaayam
അധ്യായം 8
സ്വസ്തികയുടെ രഹസ്യം
ഒരു മനുഷ്യന്റെ ഉള്ളിൽ എത്ര മുഖങ്ങൾ ഒളിച്ചിരിപ്പുണ്ടാകും?
“നമ്മൾ അന്വേഷിക്കുന്നത് ഒരു കൊലയാളിയെയാണോ, അതോ കൊലയാളികളെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ഒരാളെയാണോ?”
ഡി ജി പി അലക്സാണ്ടർ പെരേരയുടെ ചോദ്യം മുറിക്കുള്ളിൽ ഒരു വെടിയുണ്ടപോലെ പാഞ്ഞുകയറി.
ആർക്കും മറുപടിയുണ്ടായിരുന്നില്ല.
അർധരാത്രി കഴിഞ്ഞിരുന്നു. പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. നഗരത്തിലെ തെരുവുവിളക്കുകളുടെ മങ്ങിയ വെളിച്ചം ജനൽച്ചില്ലുകളിൽ പ്രതിഫലിച്ചു.. അലക്സാണ്ടർ പെരേരയുടെ മേശപ്പുറത്ത് മൂന്ന് ഫയലുകൾ. ചുവരിൽ അർജ്ജുന്റെ കൊലപാതകസ്ഥലത്തുനിന്ന് പകർത്തിയ ചിത്രം. അതിനരികിൽ ചുവന്ന മഷിയിൽ വരച്ച ഒരു സ്വസ്തിക.
പെരേരയുടെ എതിർവശത്ത് ഇരുന്നിരുന്നത് മറ്റൊരു ഡിജിപിയായ ഹരിരാജ് സിംഗ് ആയിരുന്നു.
അവരുടെ മുന്നിൽ അസിസ്റ്റന്റ് കമ്മീഷണർ സോളമൻ ഐപ്പ്, സിഐ ജോസഫ് പുളിക്കൻ, എസ്ഐ രാംകുമാർ, സിവിൽ പോലീസ് ഓഫീസർ സതീഷ് കൊച്ചുപറമ്പിൽ എന്നിവരും.
രാജ്യത്തിന്റെ നിയമസംവിധാനത്തെ അറിയുന്നവർ.
നിയമം നടപ്പാക്കാൻ അധികാരമുള്ളവർ.
എന്നിട്ടും, അന്ന് ആ മുറിയിൽ അവരെല്ലാം ഒരേ കാര്യം ഭയപ്പെട്ടിരുന്നു.
തങ്ങൾക്കറിയാവുന്ന നിയമങ്ങൾക്കപ്പുറം മറ്റൊരു നിയമം പ്രവർത്തിക്കുന്നുണ്ടെങ്കിലോ? പോലീസ്, ഭരണസംവിധാനം, ജുഡീഷ്യറി, മാധ്യമലോകം എന്നിവയുടെ അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന ഒരു ശൃംഖലയെ കുറിച്ചുള്ള സംശയം ബലപ്പെട്ടു വരുന്നു
പെരേര മേശപ്പുറത്തേക്ക് മൂന്ന് ഫയലുകൾ നീക്കിവെച്ചു.
“ഇത് നോക്കൂ. ആദ്യത്തേത് പോലീസ് രേഖകൾ. രണ്ടാമത്തേത് കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകൾ. മൂന്നാമത്തേത് മാധ്യമപ്രവർത്തകർക്ക് ലഭിച്ച രഹസ്യവിവരങ്ങൾ.”
അദ്ദേഹം ഓരോ ഫയലിലേക്കും വിരൽചൂണ്ടി.
“മൂന്ന് വ്യത്യസ്ത മേഖലകൾ. മൂന്ന് വ്യത്യസ്ത അധികാരകേന്ദ്രങ്ങൾ. പക്ഷേ ചില നിർണായക ഘട്ടങ്ങളിൽ ഇവയെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്.”
ഹരിരാജ് സിംഗ് കണ്ണട അഴിച്ചുവെച്ചു.
“ഒരു സംഘടിത രഹസ്യശൃംഖല?”
“അതിലുമപ്പുറം.”
പെരേരയുടെ ശബ്ദം താഴ്ന്നു.
“ഇതൊരു സാധാരണ ക്രിമിനൽ സംഘമല്ല. പണം സമ്പാദിക്കാൻ മാത്രം പ്രവർത്തിക്കുന്ന സംഘടനയുമല്ല. അവരുടെ ലക്ഷ്യം അധികാരം പിടിച്ചെടുക്കലല്ല. അധികാരത്തിന്റെ ദുരുപയോഗം തടയുകയാണ്.”
“നക്സൽ സംഘം പോലെ?” സോളമൻ ഐപ്പ് ചോദിച്ചു.
“അല്ല. ചിലപ്പോൾ അതിനേക്കാൾ അപകടകരമായിരിക്കാം.”
പെരേര ഒരു നിമിഷം നിശ്ശബ്ദനായി.
“അവർ നിയമം പഠിച്ചവരാണ്. നിയമം നടപ്പാക്കുന്നവരെ അറിയുന്നവരാണ്. നിയമത്തിലെ പഴുതുകൾ ഉപയോഗിക്കുന്നവരെക്കാൾ, ആ പഴുതുകൾ എവിടെയാണെന്ന് തിരിച്ചറിയാൻ കഴിവുള്ളവരാണ്.”
അദ്ദേഹം ജനലിലൂടെ പുറത്തേക്കു നോക്കി.
“അവർ കോടതിക്കുള്ളിലുണ്ടാകാം. സെക്രട്ടേറിയറ്റിലുണ്ടാകാം. ഒരു പത്രത്തിന്റെ എഡിറ്റോറിയൽ മുറിയിലുണ്ടാകാം. അല്ലെങ്കിൽ നമ്മുടെ തൊട്ടടുത്ത്, നമ്മൾ ഒരിക്കലും സംശയിക്കാത്ത ഒരാളായി ജീവിക്കുന്നുണ്ടാകാം.”
“പക്ഷേ, സർ… അത്തരമൊരു സംഘടനയുടെ നേതാവ് ആരാണ്?” രാംകുമാർ ചോദിച്ചു.
പെരേരയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരി വിടർന്നു.
“അതാണ് നമ്മൾ കണ്ടെത്തേണ്ടത്.”
“സ്വസ്തിക.”
ഒരു ഫോട്ടോ ഉയർത്തി കാണിച്ചുകൊണ്ട് പെരേര ആ വാക്ക് പതുക്കെ ഉച്ചരിച്ചു.
“നിങ്ങൾ അതിനെ ഒരു ചിഹ്നമായി മാത്രം കാണുന്നുണ്ടോ?”
ആരും മറുപടി പറഞ്ഞില്ല.
“പല സംസ്കാരങ്ങളിലും സ്വസ്തിക ശുഭത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ്. ഈ കഥയിൽ അതിന്റെ അർത്ഥം മറ്റൊന്നാണ്. തിന്മയ്ക്കെതിരേ നന്മയുടെ വിജയം. ഇരുട്ടിനെ മറികടന്ന് വെളിച്ചത്തിലേക്കുള്ള യാത്ര.”
അദ്ദേഹം അർജ്ജുന്റെ കൊലപാതകസ്ഥലത്തുനിന്ന് ലഭിച്ച സ്വസ്തികയുടെ ഫോട്ടോ എടുത്തുയർത്തി.
“ഇത് ഒരു കൊലയാളിയുടെ ഒപ്പായിരിക്കാം. ഒരു സംഘത്തിന്റെ മുദ്രയായിരിക്കാം. അല്ലെങ്കിൽ മറ്റൊരു വലിയ രഹസ്യത്തിലേക്കുള്ള വാതിലായിരിക്കാം.”
ഹരിരാജ് സിംഗ് ചോദിച്ചു.
“അപ്പോൾ, ഇവർ നക്സലുകളാണെന്നാണോ താങ്കളുടെ നിഗമനം?”
“പരമ്പരാഗത അർത്ഥത്തിലുള്ള നക്സൽ സംഘടനയല്ല. അധികാരവ്യവസ്ഥയുടെ ഉള്ളിലും പുറത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഒരു രഹസ്യശൃംഖല. അവരുടെ പ്രവർത്തനരീതി ഇസ്രായേലിന്റെ മൊസാദിനെപ്പോലെയാണെന്ന് ഞാൻ കരുതുന്നു. . പക്ഷേ, നമുക്കുള്ള തെളിവുകൾ അത്രയും വ്യക്തമായ നിഗമനത്തിന് മതിയാകില്ല.”
“അവരുടെ ലക്ഷ്യം?”
പെരേര മേശപ്പുറത്തുള്ള ഫയൽ അടച്ചു.
“നീതി നടപ്പാക്കുക. നിയമത്തെ വളച്ചൊടിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക. വ്യവസ്ഥ പരാജയപ്പെടുന്നിടത്ത് അതിനെതിരേ ശബ്ദിക്കുക.”
സോളമൻ ഐപ്പിന്റെ മുഖത്ത് സംശയം തെളിഞ്ഞു.
“ഞാൻ എസ് ഐ രാംകുമാറിനോട് അയാളുടെ ഇമെയിൽ പരിശോധിക്കാൻ നിർദേശിച്ചിരുന്നു,” പെരേര പറഞ്ഞു.
രാംകുമാർ തലയാട്ടി.
“പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.”
പെരേര ചിരിച്ചു.
“ഇമെയിലിൽ ഒന്നുമില്ലെന്നത് അയാൾ നിരപരാധിയാണെന്നതിന് തെളിവല്ല.”
“പിന്നെ?”
“കത്തുകൾ.” “നമശിവായവുമായി ബന്ധപ്പെട്ട തപാൽവിനിമയങ്ങളിൽ അസാധാരണമായൊരു കണക്കുണ്ട്. കഴിഞ്ഞ മാസം മാത്രം 525 കത്തുകൾ അയച്ചതായി രേഖകളിലുണ്ട്.”
മേശപ്പുറത്തുനിന്ന് ഒരു കവർ എടുത്ത് അദ്ദേഹം ഉയർത്തിക്കാണിച്ചു.
“ഈ കത്ത്.”
അതിന്റെ മുകളിൽ എഴുതിയിരുന്ന വിലാസം അദ്ദേഹം വായിച്ചു.
ഗോൾഡൻ സൺറൈസ്.
മുറിയിലാകെ നിശ്ശബ്ദത പടർന്നു.
“ആ കത്തുകൾ…… അവയിൽ ഓരോന്നും ഒരേ സന്ദേശം വഹിക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല. ഇമെയിൽ നിരീക്ഷിക്കാം. ഡിജിറ്റൽ ആശയവിനിമയങ്ങൾ പരിശോധിക്കാം. എന്നാൽ സാധാരണ തപാലിൽ അയക്കുന്ന കത്തുകൾ, ഇടനിലക്കാർ കൈമാറുന്ന സന്ദേശങ്ങൾ, സ്വകാര്യമായി സൂക്ഷിക്കുന്ന രേഖകൾ… ഇവയെല്ലാം മറ്റൊരു ലോകമാണ്.”
അദ്ദേഹം കത്ത് തുറന്നു.
ആദ്യ വരിയിൽ സ്വസ്തിക ചിഹ്നം.
അതിനുതാഴെ:
“ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.”
തുടർന്നുള്ള വരികൾ ദുരൂഹമായിരുന്നു. ഓരോ വാചകത്തിനും ഒന്നിലധികം അർത്ഥങ്ങൾ കണ്ടെത്താം. പെരേര കത്ത് മടക്കി.
“അനഘയുടെ കൊലപാതകത്തിനു ശേഷവും അർജ്ജുന്റെ മരണത്തിനു ശേഷവും മൃതദേഹങ്ങൾക്കരികിൽ കണ്ടെത്തിയ സന്ദേശം ഓർക്കുന്നില്ലേ?”
“ഒരു പുതിയ പ്രഭാതത്തിനു വേണ്ടി,” അലക്സ് കുരുവിള പറഞ്ഞു.
“ഗോൾഡൻ സൺറൈസ്. സുവർണ സൂര്യോദയം. പുതിയ പ്രഭാതം.”
പെരേരയുടെ കണ്ണുകൾ രാംകുമാറിലേക്ക് തിരിഞ്ഞു.
“ഈ കത്തിലെ വിലാസം ഗോൾഡൻ സൺറൈസ് എന്നത് വെറുമൊരു വിലാസമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?”
രാംകുമാർ മിണ്ടിയില്ല.
പെരേര തുടർന്നു.
“നമ്മൾ തേടുന്നത് ആരെയാണെന്ന് നമുക്കറിയാം. പക്ഷേ, അയാൾ നമ്മളെ എത്രകാലമായി നിരീക്ഷിക്കുന്നുണ്ടെന്ന് നമുക്കറിയില്ല.”
അദ്ദേഹം കത്ത് ഫയലിനുള്ളിൽ വെച്ചു.
“ട്രേസ് ഹിം, മിസ്റ്റർ രാംകുമാർ.”
“യെസ്, സർ.”
“അയാളുടെ എല്ലാ പ്രവർത്തനങ്ങളും രഹസ്യമായി രേഖപ്പെടുത്താൻ നിങ്ങളെ ചുമതലപ്പെടുത്തിയിരുന്നല്ലോ. ആ ഡയറി എവിടെ?”
രാംകുമാർ ബാഗിൽനിന്ന് ഒരു പഴയ ഡയറി പുറത്തെടുത്തു.
“ഇതാ, സർ.”
പെരേര അത് കൈയിലെടുത്തു.
ആദ്യ പേജിൽ ഒരു പേര്.
നമശിവായം.
രജിസ്ട്രേഷൻ വകുപ്പിലെ ഒരു ജീവനക്കാരൻ.
സാഹിത്യത്തിലും സിനിമയിലും താൽപര്യമുള്ള ഒരാൾ.
ശിവഭക്തൻ.
ചെറിയൊരു വാടകവീട്ടിൽ താമസിക്കുന്ന, സാധാരണ ജീവിതം നയിക്കുന്ന ഒരാൾ.
അയാളുടെ ചുറ്റുപാടുകൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത് ചില പുസ്തകങ്ങൾ, കുറച്ച് കൈയെഴുത്തുപ്രതികൾ, പഴയ സിനിമകളുടെ പോസ്റ്ററുകൾ, മേശപ്പുറത്ത് തുറന്നുവെച്ച ഒരു ലാപ്ടോപ്പ്, അലമാരയിൽ അടുക്കിവെച്ച പഴയ ചില പത്രകട്ടിങുകൾ.
പുറമേ നോക്കിയാൽ ഒരു എഴുത്തുകാരന്റെ സാധാരണ ജീവിതം.
എന്നാൽ ആ ഡയറിയിൽ മറ്റൊരു ലോകമുണ്ടായിരുന്നു.
അയാൾ ആരെ കണ്ടു.
എവിടെയൊക്കെ പോയി.
ഏതു വാർത്തകളാണ് ശ്രദ്ധിച്ചത്.
ഏതു കേസുകളെക്കുറിച്ചാണ് കുറിപ്പുകൾ എഴുതിയത്.
ഏതു പുസ്തകങ്ങളാണ് വായിച്ചത്.
ആരോടൊക്കെയാണ് തർക്കിച്ചത്.
അയാളുടെ ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ സംഭവവും രാംകുമാർ രേഖപ്പെടുത്തിയിരുന്നു.
“സംശയിക്കത്തക്കതായി ഒന്നുമില്ല, സർ,” രാംകുമാർ പറഞ്ഞു. “വെറും ഒരു അമ്പലവാസി. ശിവഭക്തൻ. സർക്കാർ ജീവനക്കാരൻ. ചിലപ്പോൾ എഴുത്തുകാരൻ. പിന്നെ സിനിമയോടുള്ള വലിയൊരു ഭ്രമം. ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ അയാൾക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.”
പെരേര ഡയറിയിൽനിന്ന് മുഖമുയർത്തി.
“യു ഹാവ് ടു, രാംകുമാർ. യു ഹാവ് ടു ബിലീവ്.”
“സർ?”
“അനീതിക്കെതിരേ ഉയരുന്ന ശിവൻ എന്ന ആശയം മനസ്സിലായില്ലേ? അയാൾ ശിവനെ ആരാധിക്കുന്നതുകൊണ്ട് മാത്രം അയാൾ കൊലയാളിയാകുന്നില്ല. പക്ഷേ, ശിവന്റെ സംഹാരസങ്കൽപ്പത്തെ സ്വന്തം ജീവിതദർശനവുമായി കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ?”
പെരേര കസേരയിൽ ചാരിയിരുന്നു.
“ശിവൻ സൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രതീകമാണ്. എന്നാൽ ഒരു മനുഷ്യൻ ആ പ്രതീകത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് പ്രധാനം. ചിലർക്ക് അത് ആത്മനിയന്ത്രണമാണ്. ചിലർക്ക് അനീതിക്കെതിരായ പോരാട്ടം. മറ്റൊരാൾക്ക് അതൊരു അപകടകരമായ ന്യായീകരണമായി മാറാം.”
അദ്ദേഹം ഡയറിയിലെ ഒരു കുറിപ്പിലേക്ക് വിരൽചൂണ്ടി.
“നമശിവായം കഥകൾ എഴുതുന്നവനാണ്. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവൻ. മനുഷ്യരുടെ മനസ്സിനുള്ളിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുന്നവൻ. സ്വന്തം ജീവിതത്തെപ്പോലും മനോഹരമായ ഒരു സിനിമാക്കഥയാക്കി മാറ്റാനുള്ള കഴിവുള്ളവൻ.”
“പക്ഷേ, സർ…”
“പറയൂ.”
“അയാൾ ഇത്രയും വലിയൊരു രഹസ്യസംഘടനയുടെ തലവനാണെങ്കിൽ, നഗരത്തിലെ റെയിൽവേ പുറമ്പോക്കിനടുത്തുള്ള ഒരു ഒറ്റമുറി വാടകവീട്ടിൽ താമസിക്കേണ്ട ആവശ്യമെന്താണ്? രജിസ്ട്രേഷൻ വകുപ്പിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് പോകാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും പ്രമോഷനുകൾ വേണ്ടെന്നുവെക്കുന്നത് എന്തിനാണ്?”
പെരേരയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി.
“ലോ പ്രൊഫൈൽ. ചിലപ്പോൾ അതുതന്നെയായിരിക്കാം അയാളുടെ ലക്ഷ്യവും…”
അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി.
“നമുക്ക് അധികാരം കാണുമ്പോൾ സംശയം തോന്നും. പണം കാണുമ്പോൾ സംശയം തോന്നും. വലിയ വീടുകളും ആഡംബരജീവിതവും കാണുമ്പോൾ സംശയം തോന്നും. എന്നാൽ അധികാരത്തിന്റെയും പണത്തിന്റെയും ആകർഷണങ്ങൾ ഉപേക്ഷിച്ച് ജീവിക്കുന്ന ഒരാളെ നമ്മൾ സംശയിക്കാറുണ്ടോ?”
“നമശിവായം ഒരു എഴുത്തുകാരനാണെങ്കിൽ, അയാൾക്ക് മനുഷ്യരുടെ മനസ്സിലേക്ക് കടന്നുചെല്ലാനും കഴിയും. ഒരു സിനിമാപ്രേമിയാണെങ്കിൽ, ഓരോ സംഭവത്തിന്റെയും പിന്നിൽ മറ്റൊരു ദൃശ്യം കാണാൻ കഴിയും. നിയമം അറിയുന്ന സർക്കാർ ജീവനക്കാരനാണെങ്കിൽ, വ്യവസ്ഥിതിയുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാനും അയാൾക്ക് കഴിയും.”
അദ്ദേഹം ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി.
“ഈ മൂന്ന് കഴിവുകളും ഒരാളിൽ ഒന്നിച്ചുണ്ടെങ്കിൽ, അയാൾ അസാധാരണനായിരിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം അയാൾ കുറ്റവാളിയാകില്ല.”
അദ്ദേഹം ഡയറി അടച്ചു.
“അയാൾക്ക് സ്വന്തം പദ്ധതികളുണ്ടാകാം. അയാളുടെ ലക്ഷ്യം പദവിയല്ലായിരിക്കാം. അയാളുടെ പോരാട്ടം മറ്റെന്തെങ്കിലിനും വേണ്ടിയായിരിക്കാം.”
“അപ്പോൾ അയാളാണോ കൊലയാളി?”
“എനിക്കിപ്പോൾ ഒരു സംശയം മാത്രമേയുള്ളൂ. അത് തെളിവാകുന്നതുവരെ നമശിവായം ഒരു സംശയിക്കപ്പെടുന്ന വ്യക്തി മാത്രമാണ്.”
പെരേരയുടെ ശബ്ദം കർക്കശമായി.
“ഓർക്കണം. അയാൾ കുറ്റവാളിയാണെങ്കിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം..”
ആ വാക്കുകൾ മുറിയിൽ തങ്ങിനിന്നു.
രാംകുമാർ കൈമാറിയ പുസ്തകം പെരേര വായിച്ചുകഴിഞ്ഞിരുന്നു.
പുസ്തകത്തിന്റെ പേര്:
സ്വപ്നസഞ്ചാരി.
സിനിമാസ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു കൃതി.
ഒരു മനുഷ്യൻ മനസ്സിൽ കാണുന്ന ലോകവും യാഥാർഥ്യത്തിൽ ജീവിക്കേണ്ടിവരുന്ന ലോകവും തമ്മിലുള്ള അകലം അതിൽ നിറഞ്ഞുനിന്നിരുന്നു.
രാംകുമാർ ചോദിച്ച അതേ ചോദ്യം പെരേരയുടെയും മനസ്സിലുണ്ടായിരുന്നു.
നമശിവായത്തിന് ഇത്ര വലിയ സ്വാധീനമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അയാളുടെ സിനിമാസ്വപ്നങ്ങൾ യാഥാർഥ്യമായിട്ടില്ലാത്തത്?
എന്തുകൊണ്ടാണ് അയാൾ ഇപ്പോഴും ചെറിയൊരു വാടകവീട്ടിൽ താമസിക്കുന്നത്?
എന്തുകൊണ്ടാണ് ജീവിതത്തിൽ വലിയൊരു വിജയത്തിന്റെ അടയാളങ്ങൾ കാണാത്തത്?
പെരേര പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി.
അവിടെ എഴുതിയിരുന്നത്:
“Enjoying the Magnificent Journey…”
പെരേര പതുക്കെ ചിരിച്ചു.
“ഉത്തരം പുസ്തകത്തിന്റെ പുറംചട്ടയിൽ തന്നെയുണ്ട്, രാംകുമാർ.”
“എന്താണ്, സർ?”
“സ്വപ്നസഞ്ചാരി.” “Enjoying the Magnificent Journey…”
പെരേര പുസ്തകം മേശപ്പുറത്ത് വെച്ചു.
“ചിലർ ലക്ഷ്യത്തിലെത്താൻ യാത്ര ചെയ്യുന്നു. ചിലർ യാത്രയിൽത്തന്നെ ഒരു ലക്ഷ്യം കണ്ടെത്തുന്നു. ചിലർക്ക് പരാജയം അവസാനമാണ്. മറ്റുചിലർക്ക് അത് അടുത്ത അധ്യായത്തിലേക്കുള്ള വഴിയാണ്.”
അദ്ദേഹം പുസ്തകം വീണ്ടും തുറന്നു.
“നമശിവായം സിനിമയിൽ എത്താത്ത ഒരു കഥാകൃത്തായിരിക്കാം. അല്ലെങ്കിൽ, ജീവിതം തന്നെയാണ് തന്റെ ഏറ്റവും വലിയ തിരക്കഥയെന്ന് വിശ്വസിക്കുന്ന ഒരാളായിരിക്കാം.”
“അതുകൊണ്ട് അയാൾ അപകടകാരിയാകുമോ?”
“നമശിവായത്തിന്റെ ജീവിതത്തിൽ എന്തോ ഒരു ദ്വന്ദ്വമുണ്ട്. പുറമേ ശാന്തനായ മനുഷ്യൻ. ഉള്ളിൽ കത്തുന്ന ഒരു തീ. അത് സൃഷ്ടിയുടെ തീയാണോ, സംഹാരത്തിന്റെ തീയാണോ എന്നതാണ് അറിയേണ്ടത്.”
അദ്ദേഹം പുസ്തകം അടച്ചു.
“അയാളുടെ ജീവിതത്തിലെ ഓരോ സംഭവവും ഒരുപക്ഷേ ഒരു കഥയുടെ ഭാഗമായിരിക്കാം. പക്ഷേ, അയാൾ സ്വന്തം ജീവിതത്തെ ഒരു സിനിമയാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ അവസാന രംഗം എന്തായിരിക്കുമെന്ന് നമുക്ക് ഇപ്പോൾ പറയാനാവില്ല.”
നമശിവായത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ, പെരേരയുടെ മനസ്സിൽ ചില നിഗമനങ്ങൾ രൂപപ്പെട്ടു.
അയാൾ നിയമത്തെക്കുറിച്ച് ആഴത്തിൽ അറിവുള്ളവനാണ്.
സിനിമയുടെ ദൃശ്യഭാഷയും ഡിറ്റക്ടീവ് കഥകളുടെ മനഃശാസ്ത്രവും അയാൾക്ക് പരിചിതമാണ്.
മനുഷ്യരുടെ പെരുമാറ്റം നിരീക്ഷിക്കുന്ന സ്വഭാവമുണ്ട്.
അനീതിയോട് കടുത്ത അസഹിഷ്ണുതയുണ്ട്.
പുറമേ ദുർബലനായി തോന്നുമ്പോഴും ഉള്ളിൽ ശക്തമായൊരു ആത്മബോധമുണ്ട്.
എന്നാൽ ഈ ഗുണങ്ങൾ ഒരു കൊലപാതകിയുടെ സ്വഭാവസവിശേഷതകളല്ല. അവ ഒരു എഴുത്തുകാരന്റെയും സാമൂഹിക വിമർശകന്റെയും സാധാരണ സവിശേഷതകളാകാം.
അതുകൊണ്ട് പെരേരയ്ക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാൻ കഴിഞ്ഞില്ല.
“ചിലർ അവരുടെ ജീവിതം എഴുതുന്നു. ചിലർ മറ്റുള്ളവരുടെ ജീവിതം നിരീക്ഷിക്കുന്നു. ചിലർ സ്വന്തം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.”
ഒരു നിമിഷത്തെ ഇടവേള.
“പക്ഷേ, ഒരാൾ സ്വന്തം ജീവിതത്തെ ഒരു തിരക്കഥയായി കാണാൻ തുടങ്ങിയാൽ?”
സോളമൻ ഐപ്പ് ചോദിച്ചു:
“എന്താണ് സംഭവിക്കുക, സർ?”
പെരേരയുടെ മറുപടി മന്ദഗതിയിലായിരുന്നു.
“അയാൾക്ക് ഓരോ മനുഷ്യനും ഒരു കഥാപാത്രമായിത്തോന്നാം. ഓരോ സംഭവവും ഒരു രംഗമായിത്തോന്നാം. ഓരോ പരാജയവും അടുത്ത രംഗത്തിനുള്ള തയ്യാറെടുപ്പായിത്തോന്നാം.”
എങ്കിലും അയാളുടെ സംശയങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് മറ്റൊന്നായിരുന്നു.
നമശിവായത്തിന്റെ ദ്വന്ദ്വ വ്യക്തിത്വം.
ഒരു മനുഷ്യൻ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന മുഖവും, സ്വന്തം മനസ്സിനുള്ളിൽ ഒളിപ്പിക്കുന്ന മുഖവും തമ്മിലുള്ള അകലം.
നമശിവായം പകൽ ഒരു സർക്കാർ ജീവനക്കാരനായി ജീവിക്കുന്നു.
വൈകുന്നേരങ്ങളിൽ പുസ്തകങ്ങൾ വായിക്കുന്നു.
രാത്രിയിൽ കഥകൾ എഴുതുന്നു.
അനീതിയെക്കുറിച്ച് കുറിപ്പുകളെഴുതുന്നു.
സമൂഹത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്യുന്നു.
അയാളുടെ മനസ്സിൽ ഒരു സിനിമ നിരന്തരം ചിത്രീകരിക്കപ്പെടുന്നുണ്ടാകാം.
ആ സിനിമയിലെ നായകൻ ആരായിരിക്കും?
……………………………………………..
അതേസമയം, നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, റെയിൽവേ പുറമ്പോക്കിനടുത്തുള്ള ഒരു പഴയ വാടകവീട്ടിൽ ഒരു മേശവിളക്ക് കത്തുന്നുണ്ടായിരുന്നു.
ചെറിയ മുറി.
ചുവരിൽ പഴയ സിനിമകളുടെ പോസ്റ്ററുകൾ.
മേശപ്പുറത്ത് തുറന്നുവെച്ച ലാപ്ടോപ്പ്.
അതിനരികിൽ കൈയെഴുത്തുപ്രതികൾ.
പകുതി കുടിച്ച ചായ.
പുറത്ത് മഴയുടെ ശബ്ദം.
മേശയ്ക്കരികിൽ നമശിവായം ഇരിക്കുകയായിരുന്നു.
അയാൾ എഴുതിക്കൊണ്ടിരുന്ന കടലാസിൽ ഒരു വാചകം മാത്രം വ്യക്തമായിരുന്നു.
“നിയമം കുറ്റവാളിയെ കണ്ടെത്തും. പക്ഷേ, കുറ്റവാളി നിയമത്തിന്റെ മുഖംമൂടി ധരിച്ചാൽ?”
നമശിവായം പേന താഴെവെച്ചു.
ചുവരിലെ ശിവന്റെ ചിത്രത്തിലേക്ക് നോക്കി.
അയാളുടെ മുഖത്ത് ഭക്തിയുടെ ശാന്തതയാണോ ഉണ്ടായിരുന്നത്?
അതോ വർഷങ്ങളായി ആരോടും പറയാതെ സൂക്ഷിച്ച ഒരു ചോദ്യത്തിന്റെ ഭാരമോ
അത് തിരിച്ചറിയാൻ ആ മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല.
ലാപ്ടോപ്പിന്റെ സ്ക്രീൻ പെട്ടെന്ന് തെളിഞ്ഞു.
ഒരു പുതിയ സന്ദേശം.
അയച്ചയാളുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല.
സന്ദേശത്തിൽ രണ്ട് വരികൾ മാത്രം.
“അവർ നിങ്ങളെ അന്വേഷിച്ചുതുടങ്ങി.”
“അടുത്ത നീക്കം നിങ്ങളുടേതാണ്.”
നമശിവായം കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നു.
പിന്നീട് സന്ദേശം അടച്ചു.
അയാൾ പരിഭ്രാന്തനായില്ല.
ഫോൺ എടുത്ത് ആരെയും വിളിച്ചില്ല.
മുറിയിൽനിന്ന് പുറത്തുപോയില്ല.
പകരം, മുന്നിലിരുന്ന കൈയെഴുത്തുപ്രതിയുടെ അവസാന പേജ് തുറന്നു.
അവിടെ ഒരു സ്വസ്തിക വരച്ചിരുന്നു.
അതിന്റെ താഴെ മറ്റൊരു വാചകം.
“ചില രഹസ്യങ്ങൾ മറച്ചുവെക്കാനല്ല സൃഷ്ടിക്കപ്പെടുന്നത്. അവ പുറത്തുവരേണ്ട സമയം തീരുമാനിക്കാനാണ്.”
നമശിവായം പേനയെടുത്തു.
ആ വാചകത്തിനുതാഴെ ഒരു ചോദ്യം കൂടി എഴുതി.
“എന്നെ തേടിവരുന്നവർക്ക് സത്യം അറിയണോ, അതോ അവർ ഇതിനകം വിശ്വസിക്കുന്ന നുണയ്ക്ക് തെളിവ് കണ്ടെത്തണോ?”
പുറത്ത് ഇടിമുഴങ്ങി.
…………………………………………………….
അതേ സമയം ഡിജിപി അലക്സാണ്ടർ പെരേരക്കും ഉറക്കമില്ലാത്ത രാത്രിയായിരുന്നു…
പെരേര കാര്യങ്ങൾ മറിച്ചും തിരിച്ചും നോക്കി.
ഉത്തരം കിട്ടിയില്ല.
അദ്ദേഹം അന്വേഷണത്തിന്റെ പുതിയ ഫയൽ തുറന്നു.
അതിന്റെ പുറംചട്ടയിൽ എഴുതിയിരുന്ന പേര് വെട്ടിമാറ്റി.
പകരം മറ്റൊരു തലക്കെട്ടെഴുതി.
OPERATION GOLDEN SUNRISE.
താഴെ കീഴുദ്യോഗസ്ഥർക്കുള്ള നിർദ്ദേശമായി ഒരു കുറിപ്പും.
നമശിവായത്തെക്കുറിച്ചുള്ള നിരീക്ഷണം തുടരുക. നിഗമനങ്ങളിൽ എത്തരുത്.
പേന മേശപ്പുറത്ത് വെച്ചശേഷം പെരേര ജനലിലൂടെ പുറത്തേക്ക് നോക്കി.
സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു.
നഗരം ഉണരുകയായിരുന്നു.
പക്ഷേ, ആ പ്രഭാതത്തിൽ അദ്ദേഹത്തിന് ഒരു കാര്യം മാത്രം ഉറപ്പായിരുന്നു.
ഈ കഥയിൽ ഇരുട്ട് അവസാനിച്ചിട്ടില്ല.
കാരണം, സൂര്യോദയം കാത്തിരിക്കുന്ന ഒരാൾ നഗരത്തിലുണ്ട്.
ആ സൂര്യോദയം ലോകത്തിന് വെളിച്ചം നൽകാനാണോ… അതോ ആരുടെയെങ്കിലും ലോകം എന്നെന്നേക്കുമായി ഇരുട്ടിലാക്കാനാണോ?
തുടരും…

